പാസ്‌പോര്‍ട്ട് ഫീസ് കുറയ്ക്കണം; ഹ്രസ്വകാല ഹജ്ജില്‍ പ്രവാസികള്‍ക്ക് സംവരണം വേണം: ഖത്തര്‍ എരിയാല്‍ ജമാഅത്ത് കമ്മിറ്റി
ദോഹ: വിദേശ ഇന്ത്യക്കാര്‍ക്ക് ബാധകമായ പാസ്‌പോര്‍ട്ട് ഫീസ് വര്‍ധനവ് പുനഃപരിശോധിച്ച് പ്രവാസികള്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കണമെന്നും, കേന്ദ്ര ഹജ്ജ് കമ്മിറ്റി നടപ്പിലാക്കുന്ന 20 ദിവസത്തെ ഹ്രസ്വകാല ഹജ്ജ് പാക്കേജില്‍ പ്രവാസി ഇന്ത്യക്കാര്‍ക്കായി പ്രത്യേക സീറ്റ് സംവരണം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഖത്തര്‍ എരിയാല്‍ ജമാഅത്ത് കമ്മിറ്റി രംഗത്ത്. ഇരു ആവശ്യങ്ങളും ഉന്നയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രിക്കും ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ക്കും കേരളത്തില്‍ നിന്നുള്ള മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും നിവേദനം സമര്‍പ്പിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു.
പ്രവാസി ഇന്ത്യക്കാരെ നേരിട്ട് ബാധിക്കുന്ന പാസ്‌പോര്‍ട്ട് ഫീസ് വര്‍ധനവ് സാധാരണ തൊഴിലാളികള്‍ക്കും താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്കും വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. ഇന്ത്യയില്‍ അപേക്ഷിക്കുന്നതിനേക്കാള്‍ പലമടങ്ങ് ഉയര്‍ന്ന നിരക്കാണ് വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകള്‍ വഴി പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് ഈടാക്കുന്നത്. പാസ്‌പോര്‍ട്ട് ഒരു അടിസ്ഥാന സര്‍ക്കാര്‍ സേവനമായതിനാല്‍ പ്രവാസികള്‍ക്ക് മേല്‍ അധിക സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കുന്ന നിലവിലെ ഫീസ് ഘടന പുനഃപരിശോധിച്ച് നിരക്കുകള്‍ ഗണ്യമായി കുറയ്ക്കുകയോ വര്‍ധനവ് പിന്‍വലിക്കുകയോ ചെയ്യണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
കേന്ദ്ര ഹജ്ജ് കമ്മിറ്റി നടപ്പിലാക്കുന്ന 20 ദിവസത്തെ ഹ്രസ്വകാല ഹജ്ജ് പാക്കേജില്‍ പ്രവാസി ഇന്ത്യക്കാര്‍ക്കായി പ്രത്യേക സീറ്റ് സംവരണം ഏര്‍പ്പെടുത്തണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം. വിദേശ രാജ്യങ്ങളിലെ തൊഴില്‍ സാഹചര്യങ്ങള്‍, പരിമിതമായ അവധിക്കാലം, അതത് രാജ്യങ്ങളിലെ ഹജ്ജ് ക്വാട്ടാ നിയന്ത്രണങ്ങള്‍ എന്നിവ കാരണം നിരവധി പ്രവാസികള്‍ക്ക് ജോലി ചെയ്യുന്ന രാജ്യങ്ങളില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്. ഇത്തരക്കാര്‍ക്ക് ഇന്ത്യ വഴിയുള്ള ഹ്രസ്വകാല ഹജ്ജ് പാക്കേജ് വലിയ ആശ്വാസമാകുമെന്നതിനാല്‍ ഈ പദ്ധതിയില്‍ പ്രവാസികള്‍ക്ക് അര്‍ഹമായ പരിഗണന ഉറപ്പാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രവാസികളുടെ സാമ്പത്തികവും മതപരവുമായ താല്‍പര്യങ്ങളെ ബാധിക്കുന്ന ഈ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂലവും മാനുഷികവുമായ സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. പ്രവാസികളുടെ ആവശ്യങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും അനുകൂലമായ നടപടികള്‍ക്കായി ഇടപെടുന്നതിനുമാണ് നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നത്.
ഖത്തര്‍ എരിയാല്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഹാരിസ് എരിയാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ എരിയാല്‍ സ്വാഗതം പറഞ്ഞു. അന്‍സാര്‍ എരിയാല്‍, ഹാരിസ് മാഹിന്‍, നൗഷാദ് സിദ്ദക്കട്ട, അബ്ദുല്‍ സലാം കെ.എ, സിനാസ്, റഷീദ്, ഹനീഫ് സൂപ്പിക്കുട്ടി, ഷാഹിദത്ത് കുളങ്കര, റാഷിദ് കുളങ്കര, മുഹമ്മദ് ഷംഹൂദ്, ഷന്‍ഫുദ്ദീന്‍, മാഹിന്‍ ബ്ലാര്‍കോഡ്, സഫ്വാന്‍ എരിയാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
