കാസര്‍കോട്: വൈദ്യുതി ലൈന്‍ പൊട്ടി വീണ് ഷോക്കേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി വിതരണത്തിനായി
ഇന്‍സുലേറ്റഡ് കേബിള്‍ ഉപയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷക്ക് ഇത് അനിവാര്യമാണെന്നും ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ രണ്ടു മാസത്തിനകം അറിയിക്കണമെന്നും ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവില്‍ പറഞ്ഞു.
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്‍സുലേറ്റഡ് കേബിള്‍ ഉപയോഗിക്കുന്നത് കണ്ടു വരുന്നുണ്ടെന്നും ഇത് വ്യാപകമാക്കുന്ന കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കണമെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.
കാഞ്ഞങ്ങാട് ഇലക്ട്രിക് ഡിവിഷന്റെ കീഴില്‍ ലക്ഷ്മി നഗര്‍ അമ്പങ്ങാട് 2022 ഏപ്രില്‍ 6 ന് ഡി. വി. ബാലകൃഷ്ണന്‍(68) വൈദ്യുതാഘാതമേറ്റ് മരിച്ചത് സംബന്ധിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് ട്രാന്‍സ്‌ഫോര്‍മര്‍ ഓഫാക്കിയതായി കാഞ്ഞങ്ങാട് കെ.എസ്.ഇ. ബി. അസിസ്‌റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കമ്മീഷനെ അറിയിച്ചു. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി കമ്പി ഒടിഞ്ഞു തൂങ്ങി സ്‌കൂട്ടറില്‍ വരികയായിരുന്ന ബാലക്യഷ്ണന്റെ ചുമലില്‍ തട്ടുകയായിരുന്നു . സ്‌കൂട്ടറിന്റെ പുറകിലുണ്ടായിരുന്ന കുട്ടി ഷോക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പൊതുപ്രവര്‍ത്തകനായ അഡ്വ. ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.