കാസര്‍കോട്:സിനിമാ പ്രേക്ഷരുടെ ഹൃദയത്തില്‍ ഇടം പിടിച്ച ‘ബോംബെ’ യുടെ സംവിധായകന്‍ മണിരത്നവും നായിക മനീഷ കൊയ്രാളയും വീണ്ടും ആ മനോഹരമായ ലൊക്കേഷനില്‍ എത്തുന്നു. ഡിസംബര്‍ 20 ന് ഒരുവര്‍ക്കും ഒപ്പം ഒപ്പം ഛായാഗ്രഹകന്‍ രാജീവ് മേനോനും ബേക്കലില്‍ എത്തും. മുന്‍കൂട്ടി നിശ്ചയിച്ച വിദേശ പരിപാടിയില്‍ മാറ്റം വന്നാല്‍ അരവിന്ദ് സ്വാമിയും ബേക്കലില്‍ എത്തും.
ബോംബെ സിനിമയുടെയും ബേക്കല്‍ റിസോര്‍ട് ഡവലപ്മെന്റ് കോര്‍പറേഷന്‍ രൂപീകരിച്ചതിന്റെ മുപ്പതാം വാര്‍ഷികത്തിന്റെയും ഭാഗമായാണ് ഇവരെത്തുന്നത്. കേരള വിനോദ സഞ്ചാര വകുപ്പിന്റെ പദ്ധതിയായ സിനിമാ ടൂറിസം പദ്ധതിയുടെ ഭാഗമായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഇടപെട്ടാണ് ബോംബെയുടെ ശില്‍പികളെ ബേക്കലിലെത്തിക്കുന്നത്. മണിരത്നവും മനീഷ കൊയ്രാളയും ബേക്കലില്‍ എത്താമെന്ന് ഉറപ്പു പറഞ്ഞിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ ആലോചിച്ചു വരുന്നേ ഉള്ളുവെന്നും ജനങ്ങളുമായി താരങ്ങള്‍ക്ക് സംവാദം നടത്താനുള്ള സൗകര്യം ഒരുക്കുമെന്നും ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലെപ്‌മെന്റ് കോര്‍പ്പറേഷന്‍ (ബിആര്‍ഡിസി) എംഡി ഷിജിന്‍ പറമ്പത്ത് പറഞ്ഞു.
ചടങ്ങില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും പങ്കെടുക്കും. ബോംബെ സിനിമയില്‍ എ.ആര്‍. റഹ്‌മാന്റെ സംഗീത സംവിധാനത്തില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ഗാനമായ ‘ഉയിരേ’ ചിത്രീകരിച്ചത് ബേക്കല്‍ കോട്ടയിലും പരിസരത്തുമാണ്. പാറക്കെട്ടുകള്‍ നിറഞ്ഞ മനോഹരമായ ബീച്ചും വലതുവശത്ത് കടലിലേക്ക് കൈനീട്ടിയ കൊത്തളങ്ങളുമൊക്കെയുള്ള കോട്ടയെയും ലോകമാകെ പടര്‍ത്തിയത് ‘ബോംബെ’ യാണ്. ഇപ്പോഴും ബേക്കലില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ ബോംബെയിലെ ഗാന രംഗം ചിത്രീകരിച്ച സ്ഥലത്ത് എത്താറുണ്ട്.
സിനിമ റീലീസ് ചെയ്തവര്‍ഷം തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ ബിആര്‍ഡിസി രൂപീകരിച്ചത്. കേരളത്തിന്റെ ഭംഗിയെ പശ്ചാത്തലമാക്കിയ നിരവധി ഹിറ്റ് സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ആ ഓര്‍മകളെ നിലനിര്‍ത്തിര്‍ത്തി വിനോദ സഞ്ചാരികളെ അവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നതാണ് സിനിമാ ടൂറിസം പദ്ധതി. നേരത്തെ മണി രത്‌നത്തെയും ബോംബെ ടീമിനെയും എത്തിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തഗ് ലൈഫ് എന്ന പുതിയ സിനിമയുടെ ഷൂട്ടിങ് തിരക്ക് കാരണമാണ് പരിപാടി വൈകിയത്.
ആഡംബര വിവാഹങ്ങളുടെ പറുദീസയാകും വിവാഹങ്ങള്‍ക്കും വന്‍കിട കമ്പനികളുടെ ഒത്തുചേരലുകള്‍ക്കും ബിആര്‍ഡിസി സൗകര്യമൊരുക്കുന്നുണ്ട്. 312 ആഡംബര വിവാഹങ്ങള്‍ ഇവിടെ നടന്നു. താരങ്ങള്‍ എത്തുന്നതോടെ സിനിമാ ടൂറിസം പദ്ധതിയുടെ ഭാഗമായി ബേക്കല്‍ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറും.
കേരളത്തിലെ മികച്ച വിവാഹ വേദികളിലൊന്നാണ് ഇപ്പോള്‍ ബേക്കല്‍ ബീച്ചും പരിസരവും. പഞ്ചനക്ഷത്ര ഹോട്ടലുകളായ ബേക്കലിലെ ലളിത്, ഉദുമ കാപ്പിലെ താജ്, മലാങ്കുന്നിലെ താജ് ഗേറ്റ് വേ, നീലേശ്വരം ബീച്ചിലെ മലബാര്‍ ഓഷ്യന്‍ ഫ്രണ്ട് എന്നിവിടങ്ങളിലാണ് വിവാഹങ്ങള്‍ നടന്നത്.
ഇതിനുപുറമെ, പടന്നക്കാട് ബേക്കല്‍ ക്ലബ്, തെക്കേക്കാട് ഒയിസ്റ്റര്‍ ഒപേര തുടങ്ങി നിരവധി റിസോര്‍ട്ടുകളിലും ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് നടന്നു. ഒരു സ്ഥലത്തേക്ക് യാത്ര ചെയ്ത് അവിടുത്തെ പ്രകൃതി ഭംഗി ആസ്വദിച്ച് വിവാഹം നടത്തി തിരിച്ചുപോകുന്ന യൂറോപ്യന്‍ രീതിയായ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേരളത്തില്‍ പ്രചാരം നേടി.
ബേക്കല്‍ കോട്ട
പതിനേഴാം നൂറ്റാണ്ടില്‍ ഇക്കേരി നായ്ക്കരിലെ ശിവപ്പ നായ്ക് നിര്‍മിച്ചതാണ് കേരളത്തിലെ ഏറ്റവും വലിയ ചെങ്കല്‍കോട്ടയായ ബേക്കല്‍ കോട്ട. സൂര്യോദയവും സൂര്യാസ്തമയവും കാണാനാകുന്ന ഏക കോട്ട കൂടിയാണിത്. അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംനേടിയ ഈ കോട്ട മലയാളികള്‍ മാത്രമല്ല ഇതര സംസ്ഥാന വിനോദ സഞ്ചാരികളും ധാരാളമായി എത്തുന്ന കേന്ദ്രമാണ്.
അടുത്തിടെ കോട്ടയിലെ സന്ദര്‍ശന സമയം വര്‍ധിപ്പിച്ചത് കാഴ്ചകള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കി. 400 വര്‍ഷത്തോളം പഴക്കമുള്ള ബേക്കല്‍ കോട്ടയും സമീപത്തെ ബീച്ചും സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. ബോംബെ ഉള്‍പ്പെടെ വിവിധ അന്യഭാഷാ സിനിമകള്‍ക്ക് ഇവിടം പശ്ചാത്തലമായിട്ടുണ്ട്. വിവാഹ, പരസ്യ ചിത്രീകരണ സംഘങ്ങളുടെ പ്രിയപ്പെട്ട സ്ഥലമായി ഇന്നും ബേക്കല്‍ കോട്ട തുടരുന്നു.
ശേഖര്‍ നാരായണനും ശൈല ഭാനുവും
ബോംബെ സിനിമയില്‍ ശേഖര്‍ നാരായണന്‍ പിള്ള എന്നാണ് അരവിന്ദ് സ്വാമി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ശൈല ഭാനുവെന്നത് മനീഷയുടെയും. പ്രണയത്തെ കണ്ണിനോടും കണ്ണീരിനോടും ഇത്ര മനോഹരമായി ചേര്‍ത്തുകെട്ടിയ സിനിമ. പ്രണയിക്കാന്‍ പഠിപ്പിക്കുന്ന, ജീവിക്കാന്‍ കൊതിപ്പിക്കുന്ന, നോവായി നീറുന്ന രാഷ്ട്രീയം പറഞ്ഞ ഒന്നാണ് ‘ബോംബെ’. സിനിമയിലെ മനം മയക്കുന്ന ഫ്രെയിമുകളില്‍ സംഗീതത്തെ സിനിമയോട് ചേര്‍ത്തുകെട്ടിയ ഒന്നായിരുന്നു ബേക്കലിന്റെ സൗന്ദര്യം. 1995ലെ ബേക്കലും ഇന്നത്തെ ബേക്കലും കണ്ട് ആസ്വദിച്ചാകും ബോംബെ ടീം മടങ്ങുക.




