ഒറ്റക്കാലില്‍ ഇരുപത് സെക്കന്‍ഡ് നില്‍ക്കാന്‍ കഴിയുമോ? തലച്ചോറ് എന്നും ചെറുപ്പമായിരിക്കും!

എല്ലാദിവസവും ഇരുപത് സെക്കന്‍ഡ് ഒറ്റകാലില്‍ നില്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ?
പ്രായമാകുന്ന ആളുകളില്‍ എഴുപത് വയസാകുമ്പോഴേക്കും ഓര്‍മശക്തി കുറഞ്ഞ് വരുന്നതായാണ് കാണപ്പെടുന്നത്. ഇത് ഏകദേശം അറുപത്തേഴ് ശതമാനത്തോളം വരുമെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹെല്‍ത്ത് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ വന്ന പഠനം പറയുന്നത് ഓര്‍മ, ചിന്ത, ധാരണ എന്നിവ 45ന് മുമ്പ് തന്നെ ക്ഷയിക്കാന്‍ തുടങ്ങുന്നുണ്ടെന്നാണ്. അതിനാല്‍ തന്നെ തലച്ചോറിന്റെ ശേഷി വര്‍ധിപ്പിക്കാനും ഇത്തരം അവസ്ഥ മറികടക്കാനുള്ള വഴികള്‍ തേടണം. ഈ അവസ്ഥയെ പ്രതിരോധിക്കാന്‍ കഴിയുന്ന ഒരു മാര്‍ഗത്തെ കുറിച്ച് വിശദീകരിക്കുകയാണ് ഗൈനക്കോളജിസ്റ്റും ഒബ്സ്റ്റീട്രീഷ്യനുമായ ഡോ ലാബിബ് ഗുല്‍മിയ. എല്ലാവര്‍ക്കും വീട്ടില്‍ തന്നെ പരിശീലിക്കാവുന്ന ഒരു വ്യായാമത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.ആരോഗ്യ പരിശോധന പാക്കേജുകള്‍
എല്ലാദിവസവും ഇരുപത് സെക്കന്‍ഡ് ഒറ്റകാലില്‍ നില്‍ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? ഇങ്ങനെ ചെയ്യാന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ തലച്ചോറിനെ പ്രായമാകുന്നതില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയും. ഈ വ്യായാമ മുറ കൃത്യമായി ചെയ്താല്‍ നിങ്ങളുടെ തലച്ചോര്‍ കൂടുതല്‍ ശക്തമാവുമെന്നാണ് ഡോ ലാബിബ് പറയുന്നത്. ഇതിലൂടെ നിങ്ങളുടെ ശ്രദ്ധയും ഓര്‍മശക്തിയും വര്‍ധിക്കുമെന്നും ഡോക്ടര്‍ പറയുന്നു.

പഠനങ്ങള്‍ പറയുന്നത് ബാലന്‍സ് ചെയ്യുന്ന വ്യായാമമുറകള്‍ തലച്ചോറിനെ പ്രവര്‍ത്തനക്ഷമമാക്കുന്നു എന്നാണ്. ഇത് പുതിയ ന്യൂറല്‍ പാത്ത് വേകള്‍ സൃഷ്ടിക്കുന്നു മാത്രമല്ല ഓര്‍മകള്‍ നഷ്ടപ്പെടുന്നത് തടയുകയും പ്രായമാകുന്നതുമായി ബന്ധപ്പെട്ട് ഓര്‍മശക്തിയിലുണ്ടാവുന്ന സ്വാധീനങ്ങളെ ചെറുക്കുമെന്നും ഡോക്ടര്‍ വിശദീകരിക്കുന്നുണ്ട്. വളരെ സിമ്പിളായ ഈ വ്യായാമ രീതി പെട്ടെന്നും എളുപ്പത്തിലും ചെയ്യാന്‍ കഴിയുമെന്നതു മാത്രമല്ല ഇത് തലച്ചോറിന്റെ കഴിവുകളെ ദീര്‍ഘകാലമായി നിലനിര്‍ത്തുകയും ചെയ്യും.
ആരോഗ്യമുള്ള ഒരാള്‍ 20 സെക്കന്‍ഡോ അതില്‍ കൂടുതലോ സമയം ഇങ്ങനെ നില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ചിലപ്പോള്‍, തലച്ചോറിനുള്ളിലെ ചെറിയ രക്തകുഴലുകള്‍ക്കുള്ള എന്തെങ്കിലും പ്രശ്നത്തെ സൂചിപ്പിക്കുന്നതുമാവാം.

Scroll to Top