സ്റ്റാഫ് ഫിക്‌സേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച്ജില്ലയിലെ മുഴുവന്‍ അധ്യാപക ഒഴിവുകളും നികത്തണം:എ.കെ.എസ്.ടി.യു

മഞ്ചേശ്വരം : 2025-26 അധ്യയനവര്‍ഷത്തെ രണ്ടാം ടേം അവസാനിക്കുമ്പോള്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഈ വര്‍ഷത്തെ സ്റ്റാഫ് ഫിക്‌സേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ജില്ലയിലെ മുഴുവന്‍ അധ്യാപക ഒഴിവുകളും അടിയന്തിരമായി നികത്തണമെന്ന് ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ.കെ.എസ്.ടി.യു) മഞ്ചേശ്വരം ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലയില്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍മാരുടെ ഒഴിവുകള്‍ ഉള്‍പ്പെടെ വിവിധ തസ്തികകളില്‍ അധ്യാപകരുടെ വലിയ തോതിലുള്ള ഒഴിവുകള്‍ നിലനില്‍ക്കുന്നു. സമ്മേളനം ഉപജില്ല പ്രസിഡണ്ട്
കെ. ശിശുപാലന്റെ അധ്യക്ഷതയില്‍ എ കെ എസ് ടി യു സംസ്ഥാന കമ്മിറ്റി അംഗം സുനില്‍കുമാര്‍ കരിച്ചേരി ഉദ്ഘാടനം ചെയ്തു.

പ്രൈമറി മലയാളം, എല്‍.പി.എസ്.ടി കന്നട, യു.പി.എസ്.ടി. കന്നട,ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ എല്ലാം കൂടി നൂറ് കണക്കിന് അധ്യാപക ഒഴിവുകളുണ്ട്. വിവിധ ഭാഷാധ്യാപകരുടേയും , അറബിക് പ്രൈമറി അധ്യാപകരുടേയും ഒഴിവുകളും ജില്ലയില്‍ നിലനില്‍ക്കുന്നു. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളില്‍ മിക്കതിലും നാമമാത്രമായ സ്ഥിരാധ്യാപകര്‍ മാത്രമേ ഉള്ളൂ. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും വിവിധ വിഷയങ്ങളിലായി 100 ല്‍ ഏറെ അധ്യാപക തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു.
പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി അധ്യാപക സ്ഥലം മാറ്റ നടപടികള്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പായി സുതാര്യമാം വിധം പൂര്‍ത്തീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു

12-ാം ശമ്പള പരിഷ്‌കരണ നടപടികള്‍ അടിയന്തിരമായി നടപ്പിലാക്കണമെന്നും, ക്ഷാമബത്ത കുടിശ്ശിക ഉള്‍പ്പെടെ നല്‍കണമെന്നും, അധ്യാപകര്‍ക്ക് ടെറ്റ് പരീക്ഷ അടിച്ചേല്‍പ്പിക്കുന്ന നടപടിയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നും, പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വി സുപ്രീത് സംഘടന റിപ്പോര്‍ട്ടും പി.വി. ജഗദീശന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ ബാലകൃഷ്ണന്‍, കെ ദിനേശ് ,അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി കെ ദിനേശ് ( പ്രസി),ഇ.ഉണ്ണികൃഷ്ണന്‍ (വൈസ് പ്രസി),പി.വി ജഗദീശന്‍ (സെക്ര) സന്തോഷ് കുമാര്‍ (ജോ. സെക്ര),ശ്രീലേഖ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Scroll to Top