‘പ്രാര്‍ത്ഥനകള്‍ക്ക് നന്ദി’; പരിക്കിന് ശേഷമുള്ള ആദ്യ സന്ദേശം പങ്കുവെച്ച് ശ്രേയസ് അയ്യര്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിന മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റതിന് ശേഷം ആദ്യ സന്ദേശം പങ്കുവെച്ച് ശ്രേയസ് അയ്യര്‍. തന്റെ ആരോഗ്യം ദിവസേന മെച്ചപ്പെടുന്നുണ്ടെന്നാണ് ശ്രേയസ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. ആരാധകരുടെ പിന്തുണയ്ക്കും സ്‌നേഹത്തിനും താരം നന്ദി പറയുകയും ചെയ്തു.

‘ഞാന്‍ ഇപ്പോള്‍ സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും മെച്ചപ്പെട്ടുവരുന്നു. എനിക്ക് ലഭിക്കുന്ന എല്ലാ പ്രാര്‍ത്ഥനകള്‍ക്കും പിന്തുണയ്ക്കും വളരെ നന്ദിയുണ്ട്. അത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. എന്നെപ്പറ്റി ചിന്തിക്കുന്നതിന് നന്ദി’, ശ്രേയസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടെ അലക്സ് കാരിയെ പുറത്താക്കാന്‍ പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെയാണ് ശ്രേയസിന് ഗുരുതരമായ പരിക്കേറ്റത്. ക്യാച്ചെടുക്കുന്നതിനിടെ ഇടത് വാരിയെല്ലിന് പരിക്കേറ്റ ശ്രേയസിനെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് സിഡ്നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഐസിയുവില്‍ നിന്ന് താരത്തെ മാറ്റിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം പൂര്‍ണ്ണമായും സുഖം പ്രാപിച്ച് വരികയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

Scroll to Top