ക്യാമ്പയിന്‍ :
കാസറഗോഡ്: പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി ആരോഗ്യവകുപ്പ് ആരംഭിക്കുന്ന ആരോഗ്യം ആനന്ദം – വൈബ് 4 വെല്‍നെസ്സ് ക്യാമ്പയിനിന്റെ ഭാഗമായുള്ള സമഗ്ര ബോധവല്‍ക്കരണ പ്രചാരണ പരിപാടിക്ക് മഞ്ചേശ്വരത്ത് ആവേശോജ്ജ്വല തുടക്കം കുറിച്ചു.
മഞ്ചേശ്വരം ഹോസങ്കടി ടൗണില്‍ വെച്ചു നടന്ന പരിപാടി മഞ്ചേശ്വരം നിയോജക മണ്ഡലം എം എല്‍ എ എ കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം ഇര്‍ഫാന ഇക്ബാല്‍ അധ്യക്ഷത വഹിച്ചു.
മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് അംഗം ഷംസീന ജാസി,
ഗ്രാമപഞ്ചായത്തിലെ മറ്റ് വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) ഡോ. എ വി രാംദാസ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ (പൊതുജനാരോഗ്യം) ഡോ. ജെ. മണികണ്ഠന്‍ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു.
ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.അജയ് രാജന്‍ സ്വാഗതവും ജില്ലാ എഡ്യൂക്കേഷന്‍ & മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് നന്ദിയും പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച സൈക്കിള്‍ റാലി, കൂട്ടയോട്ടം എന്നിവയുടെ ദീപശിഖ എ കെ എം അഷ്റഫ് എം എല്‍ എ ചൈല്‍ഡ് ഹെല്‍ത്ത് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. യു. ആര്‍.രാഹുലിനു കൈമാറി.
ചടങ്ങിനോടനുബന്ധിച്ചു നടത്തിയ ബോധവല്‍ക്കരണ റാലി, ദഫ് മുട്ട്, കോല്‍ക്കളി, ബാന്‍ഡ് മേളം എന്നിവയും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.
തുടര്‍ന്ന് പ്രചരണ റാലി രാവിലെ 10:30 ന് കാസറഗോഡ് സിവില്‍ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു.
സിവില്‍ സ്റ്റേഷനിലെ സ്വീകരണ പരിപാടി കാസറഗോഡ് നിയോജക മണ്ഡലം എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.
സിനിമാതാരം ഉണ്ണിരാജ വിശിഷ്ടാതിഥിയായി.
ചെങ്കള ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് ഹനീഫ് പി വി കെ , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂദനന്‍ എം, ആരോഗ്യ വകുപ്പ് സംസ്ഥാനതല , ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
പരിപാടിയോടനുബന്ധിച്ച് ബന്തടുക്ക മാനടുക്കം ഉന്നതിയിലെ കലാകാരന്മാര്‍ മംഗലംകളി അവതരിപ്പിച്ചു. പൊതുജനങ്ങള്‍ക്ക് ബ്ലഡ് ഷുഗര്‍, രക്തസമ്മര്‍ദ്ദം എന്നിവ പരിശോധിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
പ്രചാരണ റാലി ഇന്ന് ( ഡിസംബര്‍ 26) വൈകീട്ട് 4 മണിക്ക് ബേക്കല്‍ ബീച്ചില്‍ എത്തിച്ചേരും. പരിപാടി ഉദുമ എം എല്‍ എ സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 5:30 ന് കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് റാലി എത്തിച്ചേരും.
പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) ഡോ. എ വി രാംദാസ് ഉദ്ഘാടനം ചെയ്യും. ഫുട്‌ബോള്‍ താരങ്ങളായ മുഹമ്മദ് റാഫി, മുട്ടത്ത് സുരേഷ് എന്നിവര്‍ വിശിഷ്ടാതിഥികളാകും.
വൈകിട്ട് 6:30 നു ഉദിനൂരില്‍ വെച്ചു നടക്കുന്ന കോലായക്കൂട്ടം പരിപാടിയുടെ ഉദ്ഘാടനം തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം എം എല്‍ എ എം രാജഗോപാല്‍ നിര്‍വഹിക്കും.
സിനിമാ താരം പി പി കുഞ്ഞിക്കൃഷ്ണന്‍ വിശിഷ്ടാതിഥിയാകും.
ഡിസംബര്‍ 26 ന് കാസര്‍ഗോഡ് മഞ്ചേശ്വരത്തു നിന്നും ആരംഭിച്ച ക്യാമ്പയിന്‍ വിളംബര ജാഥ ജനുവരി ഒന്നാം തീയതി തിരുവനന്തപുരത്ത് എത്തിച്ചേരും.
വൈബ് 4 വെല്‍നെസ്സ് ക്യാമ്പയിനില്‍ ആരോഗ്യകരമായ ഭക്ഷണം (Eat Well), പ്രായാനുസൃത വ്യായാമം (Act Well), കൃത്യമായ ഉറക്കം (Sleep Well), ആരോഗ്യ പരിപാലനം (Care Well) എന്നീ ഘടകങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങളുടെ ജീവിതശൈലിയില്‍ ആരോഗ്യകരമായ മാറ്റം കൊണ്ടുവരുന്നതിനായി സമഗ്ര ബോധവല്‍ക്കരണ പ്രചരണ പരിപാടിയാണ് സംഘടിപ്പിക്കുന്നത്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍, ആയുഷ്, വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, കായികം, യുവജനക്ഷേമം, വനിതാ ശിശുവികസനം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ചാണ് ഈ ക്യാമ്പയിന്‍ നടത്തുന്നത്.
ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, എന്‍ എസ് എസ് യൂണിറ്റുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ വന്‍ ജനപങ്കാളിത്തമുണ്ടായി. തുടര്‍ന്നും മുഴുവന്‍ ആളുകളുടെയും സഹകരണം ഉണ്ടാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ വി രാംദാസ് അഭ്യര്‍ത്ഥിച്ചു.
കാസറഗോഡ്
26-12-2025
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം )
കാസറഗോഡ്




