ഫീസ് വര്‍ധന; കാസര്‍ഗോഡ് പടന്നക്കാട് കാര്‍ഷിക കോളജിലേക്ക് എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച്.


വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധനവിനെതിരെ കാസര്‍ഗോഡ് പടന്നക്കാട് കാര്‍ഷിക കോളജിലേക്ക് എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച്. കാര്‍ഷിക സര്‍വകലാശാലയിലേക്ക് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി നടത്തിയ മാര്‍ച്ചിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടയുകയായിരുന്നു. കോളജിന്റെ മതില്‍ചാടികടക്കാനുള്ള ശ്രമവും പൊലീസ് തടഞ്ഞിരുന്നു ഇതിനിടയിലാണ് വാക്കേറ്റമുണ്ടായത്. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം നടന്നത്. ഫീസ് വര്‍ധനവ് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് എസ്എഫ്‌ഐ.

കാര്‍ഷിക സര്‍വകലാശാലയിലെ ധന പ്രതിസന്ധി മറികടക്കാന്‍ വിദ്യാര്‍ഥികളുടെ ഫീസ് കുത്തനെ ഉയര്‍ത്തിയ നടപടിക്കെതിരെ എസ്എഫ്‌ഐയുടെ വന്‍ പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളിലായി വിവിധ ജില്ലകളില്‍ അരങ്ങേറിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന കാര്‍ഷിക സര്‍വകലാശാലയുടെ ആഭ്യന്തര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സെമസ്റ്റര്‍ ഫീസ് ഇരട്ടിയിലധികം ഉയര്‍ത്തുന്നത്. പിഎച്ച്ഡി വിദ്യാര്‍ഥികളുടെ സെമസ്റ്റര്‍ ഫീസ് 18780 എന്നത് 60000 ആയി ഉയര്‍ത്തും. പി.ജി വിദ്യാര്‍ഥികളുടേത് 17845 എന്നത് 55000 ആയും ഡിഗ്രി വിദ്യാര്‍ഥികളുടേത് 12000 എന്നത് 50000 ആയി ഉയര്‍ത്താനുമാണ് തീരുമാനം.

Scroll to Top