പാരീസ്: ഒളിംപിക്‌സ് ഗുസ്തി ഫൈനലില്‍ നിന്ന് 100 ഗ്രാം അമിത ഭാരത്തിന്റെ പേരില്‍ അയോഗ്യയാക്കിയതിനെതിരെ ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി ഇന്ന് വിധി പറയും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് കോടതി വിധി പറയുക. ഒളിംപിക്‌സ് പൂര്‍ത്തിയാകും മുമ്പെ തീരുമാനം നല്‍കിയ അപ്പീലിലാണ് ഒളിംപിക്‌സ് പൂര്‍ത്തിയായ രണ്ട് ദിവസം കഴിഞ്ഞ് കോടതി വിധി പറയുന്നത്.
സാങ്കേതിക കാരണങ്ങളാല്‍ വിനേഷിന്റെ അപ്പീല്‍ തള്ളിപ്പോകുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വിധി വരാന്‍ വൈകിയത് ഇന്ത്യന്‍ സംഘത്തിന്റെ സമ്മര്‍ദ്ദവും കോടതിയില്‍ അഭിഭാഷകര്‍ ഉന്നയിച്ച ശക്തമായ വാദങ്ങളും കണക്കിലെടുത്താണെന്നും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് എടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് വിനേഷിനും ഇന്ത്യന്‍ ആരാധകര്‍ക്കും പ്രതീക്ഷ നല്‍കുകയും ചെയ്തു.