നാഗ്പൂരില്‍ മലയാളി വൈദികനേയും ഭാര്യയെയും അറസ്റ്റ് ചെയ്ത സംഭവം, കേസെടുത്തത് 12 പേര്‍ക്കെതിരെ

മലയാളി പുരോഹിതനും ഭാര്യയും അടക്കം 12 പേര്‍ക്കെതിരെയാണ് കേസെടുത്തത്. അറസ്റ്റ് ചെയ്ത പുരോഹിതനെ കുറിച്ച് അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയ നാല് പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.

നാഗ്പൂര്‍ : മതപരിവര്‍ത്തനം ആരോപിച്ചുള്ള പരാതിയില്‍ മഹാരാഷ്ട്ര നാഗ്പൂരില്‍ മലയാളി വൈദികനേയും ഭാര്യയെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നാഗ്പൂര്‍ മിഷനിലെ ഫാദര്‍ സുധീര്‍, ഭാര്യ ജാസ്മിന്‍, എന്നിവരെ കൂടാതെ ഇവരുടെ സഹായിയടക്കം 12 പേര്‍ക്കെതിരെയാണ് കേസെടുത്തത്. നാഗ്പൂരിലെ ഷിംഗോഡിയില്‍ വെച്ചാണ് സംഭവം. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തെന്നാണ് എന്ന സി എസ് ഐ ദക്ഷിണ മേഖല മഹായിടവക അറിയിച്ചത്. പുരോഹിതനും ഭാര്യയും കൂടാതെ, അറസ്റ്റിനെ കുറിച്ച് അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയ നാല് പേര്‍ക്കെതിരെയും ക്രിസ്മസ് പ്രാര്‍ത്ഥനയോഗം നടന്ന വീടിന്റെ ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെയും കേസെടുത്തു. പ്രദേശത്തുള്ള വിശ്വാസികളായ നാല് പേരും പ്രതികളാണ്. ക്രിസ്മസ് പ്രാര്‍ത്ഥന യോഗത്തില്‍ പങ്കെടുക്കവേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Scroll to Top