മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ ”വിജയാരവം” ഇന്ന്

കാസര്‍കോട്: കാസര്‍കോട് മുനിസിപ്പല്‍ യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന വിജയാഘോഷ പരിപാടി വിജയാരവം -26 ഇന്ന് (02-01-2026) ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ നിന്നും വിജയിച്ച യുഡിഎഫ് സാരഥികള്‍ക്കും മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യൂത്ത് ലീഗ് ജില്ലാ, മണ്ഡലം ഭാരവാഹികള്‍ക്കും ചടങ്ങില്‍ സ്വീകരണവും പ്രായപരിധി കഴിഞ്ഞ് യൂത്ത് ലീഗ് ഭാരവാഹിത്വത്തില്‍ നിന്നും പടിയിറങ്ങുന്ന നേതാക്കള്‍ക്ക് യാത്രയയപ്പും നല്‍കും.
വിജയാഘോഷ പരിപാടികള്‍ക്ക് കൊഴുപ്പേകാന്‍ രാത്രി 6.00 മണി മുതല്‍ യുവാക്കളുടെ ഹരമായ കൊണ്ടോട്ടിക്കാരന്‍ ബാപ്പുട്ടിയും സംഘവും അവതരിപ്പിക്കുന്ന ‘ ഇശല്‍ സന്ധ്യ” എന്ന പേരില്‍ ന്യൂജെന്‍ ഖവാലിയും അരങ്ങേറും. മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും ജില്ലാ, മണ്ഡലം, മുനിസിപ്പല്‍ നേതാക്കളും മറ്റു പോഷക സംഘടനാ നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും.

പരിപാടിയുമായി ബന്ധപ്പെട്ട് ചേര്‍ന്ന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് കെ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനസ് കണ്ടത്തില്‍ സ്വാഗതം പറഞ്ഞു. ലീഗ് മുനിസിപ്പല്‍ സെക്രട്ടറിമാരായ അമീര്‍ പള്ളിയാന്‍, ഫിറോസ് അടുക്കത്ത്ബയല്‍, യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, സെക്രട്ടറി ജലീല്‍ തുരുത്തി, മുനിസിപ്പല്‍ ഭാരവാഹികളായ നിയാസ് ചേരങ്കൈ, നൗഷാദ് കൊരക്കോട്, താജു ബെല്‍ക്കാട്, ഷാക്കിര്‍ ഇര്‍ഷാദി, എം.എസ്.എഫ് ഭാരവാഹികളായ നാഫി ചാല, സിയാന്‍ തളങ്കര തുടങ്ങിയവര്‍ സംബന്ധിച്ചു. ട്രഷറര്‍ സഫ്വാന്‍ അണങ്കൂര്‍ നന്ദി പറഞ്ഞു.

Scroll to Top