അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കരിയറിലെ ആദ്യ കാലത്ത് അനുഭവിച്ച വിവേചനങ്ങള്‍ തുറന്ന് പറഞ്ഞ് ഓസ്ട്രേലിയ താരം ഉസ്മാന്‍ ഖവാജ. പാകിസ്താനില്‍ നിന്നുള്ള കുട്ടിയായതിനാല്‍ എനിക്ക് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കാന്‍ സാധിക്കില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. ആദ്യകാലത്ത് ഓസ്ട്രേലിയന്‍ ടീമില്‍ വിവേചനങ്ങള്‍ നേരിട്ടിരുന്നു, എന്നാല്‍ പിന്നീട് എല്ലാം മാറി.
നിങ്ങള്‍ എന്നെ നോക്കൂ, നിങ്ങള്‍ക്കും അതു ചെയ്യാന്‍ സാധിക്കും’, ഖവാജ പറഞ്ഞു. വൈകാരികമായിട്ടായിരുന്നു ഖവാജ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോടു സംസാരിച്ചത്. കുട്ടിയായിരിക്കെ കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലെത്തിയ ഖവാജ, പാക്‌സിതാനിലെ ഇസ്‌ലാമബാദിലാണ് ജനിച്ചത്. ഓസ്‌ട്രേലിയയ്ക്കു വേണ്ടി കളിക്കുന്ന ആദ്യ പാക്കിസ്ഥാന്‍ വംശജനാണ് ഖവാജ.
ഇംഗ്ലണ്ടിനെതിരെയുള്ള ആഷസ് പരമ്പരയിലെ സിഡ്‌നിയില്‍ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് തന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരമായിരിക്കുമെന്ന് 39 കാരനായ ഖവാജ പറഞ്ഞു.
സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ തന്റെ ഫസ്റ്റ് ക്ലാസ് കരിയര്‍ ആരംഭിച്ച താരം തന്റെ അവസാന ടെസ്റ്റും അവിടെ തന്നെയാണ് കളിക്കുന്നത്. റിക്കി പോണ്ടിംഗിന് പരിക്കേറ്റപ്പോള്‍ 2011 ല്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് എത്തിയ ഉസ്മാന്‍ ഖവാജ 15 വര്‍ഷ കരിയറിലെ 88-ാം ടെസ്റ്റാണ് സിഡ്‌നിയില്‍ കളിക്കാന്‍ പോകുന്നത്.




