കാസര്‍കോട്: ഏറെ നാളുകളായി നീണ്ടുപോരുന്ന ഉക്കിനടുക്ക മെഡിക്കല്‍ കോളേജിന്റെ നിര്‍മാണവും അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളും അടിയന്തരമായി പൂര്‍ത്തിയാക്കി പൂര്‍ണ്ണമായ രോഗി പരിചരണ സംവിധാനം ആരംഭിക്കാന്‍ സര്‍ക്കാര്‍ ത്വരിത നടപടി സ്വീകരിക്കണമെന്ന് എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ജില്ലയിലെ ആരോഗ്യ രംഗം നേരിടുന്ന വെല്ലുവിളികളെയും ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയെയും ചൂണ്ടിക്കാട്ടിയാണ് ആവശ്യവുമായി സെക്രട്ടറിയേറ്റ് രംഗത്തെത്തിയത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നീണ്ടുനില്‍ക്കുന്നതും ഭരണകൂടങ്ങളുടെ അനാസ്ഥയും കാരണം സാധാരണ ജനങ്ങളാണ് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്ന് യോഗം വിലയിരുത്തി.
ഉയര്‍ന്നതലത്തിലുള്ള ചികിത്സക്കായി മംഗളൂരു ഉള്‍പ്പെടെയുള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ചെലവേറിയ ചികിത്സാചെലവുകള്‍ കാരണം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിരവധി രോഗികള്‍ കഠിനപ്രയാസങ്ങളിലൂടെ കടന്നുപോകുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി.
ഇതിനൊക്കെയും ശാശ്വത പരിഹാരമായി ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് പൂര്‍ണ്ണ ശേഷിയോടെ പ്രവര്‍ത്തനം ആരംഭിക്കണം. സര്‍ക്കാര്‍ രാഷ്ട്രീയഭേദമന്യേ വിഷയത്തെ പരമപ്രധാന്യത്തോടെ കാണുകയും നിര്‍മ്മാണവും ഉപകരണ സജ്ജീകരണവും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കണമെന്നും എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. യോഗം എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുഹൈര്‍ അസ്ഹരി പള്ളങ്കോട് ഉദ്ഘാടനം ചെയ്തു.
സമീപകാലത്ത് മരണമടഞ്ഞ താഴെപ്പറയുന്നവര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന നടത്തി:
എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉസാമ പള്ളങ്കോടിന്റെ പിതാവ് ഇബ്രാഹിം പുതിയകണ്ടം,
സമസ്ത നൂറാം വാര്‍ഷിക സ്വാഗത സംഘം ട്രഷറര്‍ ഇബ്രാഹിം ഹാജിയുടെ മാതാവ് ആസാമ്യ,
എസ് കെ എസ് എസ് എഫ് സജീവ പ്രവര്‍ത്തകന്‍ ഷാനു ബന്തിയോടിന്റെ പിതാവ് മുഹമ്മദ്,
വിഖായ ആക്റ്റീവ് അംഗം റഹീം മീഞ്ചയുടെ സഹോദരന്‍ ഹമീദ് ഹനീഫി,
ഗള്‍ഫില്‍ മരണമടഞ്ഞ സമസ്ത പ്രവര്‍ത്തകന്‍ ആഷിഖ് മണിയപ്പാറ,
ഷാര്‍ജ എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി.കെ. പള്ളങ്കോടിന്റെ മാതാവ് മറിയമ്മ.
പ്രാര്‍ത്ഥനയ്ക്ക് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ഹംദുല്ല തങ്ങള്‍ മൊഗ്രാല്‍ നേതൃത്വം നല്‍കി.
മനുഷ്യജാലിക ജനുവരി 26-ന് വിപുലമായി സംഘടിപ്പിക്കുമെന്ന് യോഗം തീരുമാനിച്ചു. ജാലികയുടെ പ്രചാരണത്തിന്റെ ഭാഗമായി ശാഖയും മേഖലയുമായുള്ള തലങ്ങളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലയിലെ മുഴുവന്‍ യൂണിറ്റ് നേതാക്കളുമായും ഇന്നും നാളെയും ജില്ലാ ഭാരവാഹികള്‍ സംവദിക്കുമെന്നും യോഗം അറിയിച്ചു.
ഇതുസംബന്ധിച്ച സെക്രട്ടറിയേറ്റ് യോഗം നീലേശ്വരം തൈകടപ്പുറത്ത് ചേര്‍ന്നു. ജില്ലാ വൈസ് പ്രസിഡന്റ് യൂനുസ് ഫൈസി കാക്കടവ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫാറൂഖ് ദാരിമി കൊല്ലംപാടി, ജില്ലാ ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി, വര്‍ക്കിംഗ് സെക്രട്ടറി സിദ്ദിഖ് മാസ്റ്റര്‍ ബെളിഞ്ചം, ഭാരവാഹികളായ ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, റാഷിദ് ഫൈസി ആമത്തല, അന്‍വര്‍ തുപ്പക്കല്‍, ഉസാമ പള്ളങ്കോട്, ലത്തീഫ് തൈകടപ്പുറം എന്നിവര്‍ പ്രസംഗിച്ചു.
പടം :എസ്‌കെഎസ്എസ്എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം നീലേശ്വരം തൈകടപ്പുറത്ത് എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുഹൈര്‍ അസ്ഹരി പള്ളങ്കോട് ഉദ്ഘാടനം ചെയ്യുന്നു




