ടി20 ക്രിക്കറ്റില്‍ ചരിത്രം തിരുത്തിക്കുറിച്ച് വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി20 വിക്കറ്റുകള്‍ വീഴ്ത്തുന്ന ബോളറെന്ന റെക്കോര്‍ഡാണ് ഹോള്‍ഡര്‍ സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. 2025 വര്‍ഷത്തില്‍ 97 വിക്കറ്റുകളാണ് ടി20യില്‍ വിന്‍ഡീസ് താരം വീഴ്ത്തിയത്. ഏഴ് വര്‍ഷമായി അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്റെ സ്വന്തമാക്കിയിരുന്ന റെക്കോര്‍ഡാണ് ഹോള്‍ഡര്‍ തകര്‍ത്തത്.
2018ല്‍ 96 വിക്കറ്റുകള്‍ നേടിയ റാഷിദ് ഖാനാണ് റെക്കോര്‍ഡില്‍ നേരത്തെ ഒന്നാമതുണ്ടായിരുന്നത്. 2016ല്‍ 87 വിക്കറ്റുകള്‍ നേടിയ മുന്‍ വിന്‍ഡീസ് താരം ഡെയ്ന്‍ ബ്രാവോയാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. 2025ല്‍ 86 വിക്കറ്റുകള്‍ നേടിയ അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദാണ് നാലാം സ്ഥാനത്തുള്ളത്. റാഷിദ് ഖാന്‍ തന്നെയാണ് അഞ്ചു ആറും സ്ഥാനങ്ങളില്‍ ഉള്ളത്. 2022ല്‍ 81 വിക്കറ്റുകളും 2017ല്‍ 80 വിക്കറ്റുകളുമാണ് റാഷിദ് ഖാന്‍ നേടിയിട്ടുള്ളത്.




