സ്വദേശി ജീവിതരീതി പിന്തുടരണം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

പെരിയ: ശാസ്ത്രീയമായ ജീവിതരീതി അനിവാര്യതയാണെന്നും സ്വന്തം ദേശത്തിന്റെ ജീവിതരീതികള്‍ പിന്തുടരണമെന്നും കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കേരള കേന്ദ്ര സര്‍വകലാശാലയും സ്വദേശി ശാസ്ത്ര പ്രസ്ഥാനം – കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന 32ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസും വികസിത ഭാരതത്തിനായുള്ള ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം എന്ന വിഷയത്തില്‍ നടക്കുന്ന ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്രം ജീവിതത്തിന്റെ ഭാഗമാണ്. ആരോഗ്യകരമായ ജീവിതശൈലി എന്താണെന്നത് നമ്മുടെ പൂര്‍വ്വികര്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ശരീരത്തെയും മനസ്സിനെയും ഒരുപോലെ പരിപോഷിപ്പിക്കുന്നതായിരുന്നു അത്. അവര്‍ ആരോഗ്യമുള്ളവരും ആയുര്‍ദൈര്‍ഘ്യം കൂടിയവരുമായിരുന്നു. ഈ ശാസ്ത്രീയമായ ജീവിതരീതി അവഗണിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം.

പാശ്ചാത്യ ജീവിതരീതി പലതരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇന്നത്തെ സമൂഹം അഭിമുഖീകരിക്കുന്ന പലവിധ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ പാശ്ചാത്യ ജീവിതരീതിയിലൂടെ സാധ്യമല്ല. ഭക്ഷണരീതീയിലെ മാറ്റം ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമായി. പാശ്ചാത്യ ജീവിതരീതകള്‍ക്ക് പകരം നമ്മുടെ നാടിന്റെ തനത് ജീവിതരീതികള്‍ പകര്‍ത്തുന്നത് സംബന്ധിച്ച ഗൗരവമായ പുനരാലോചന വേണം. അദ്ദേഹം വിശദീകരിച്ചു.

പെരിയ ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസവും ഗവേഷണവും ക്ലാസ് മുറികള്‍ക്കും ലബോറട്ടറികള്‍ക്കും ഉള്ളില്‍ ഒതുക്കാതെ നാടിന്റെ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യാനും രാജ്യത്തിന്റെ വികസനത്തില്‍ ചാലകശക്തിയാകാനുമാണ് കേരള കേന്ദ്ര സര്‍വകലാശാലയുടെ പ്രവര്‍ത്തനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശാസ്ത്രീയമായ അറിവുകളാല്‍ ശാക്തീകരിക്കപ്പെട്ട സമൂഹത്തെ നിര്‍മ്മിച്ചെടുക്കുന്നതില്‍ ഉന്നത വിദ്യാഭ്യാസത്തിന് പ്രധാന പങ്കുണ്ട്. വിദ്യാഭ്യാസം നല്‍കുക എന്നതിനപ്പുറം സാമൂഹത്തോടും രാജ്യത്തോടും ഉത്തരവാദിത്വമുള്ള യുവസമൂഹത്തെ സൃഷ്ടിച്ചെടുക്കുകയാണ് സര്‍വകലാശാലകളുടെ ലക്ഷ്യം. ഭാരതത്തിന്റെ പൗരാണികമായ അറിവുകളുടെയും ആധുനിക ശാസ്ത്ര സാങ്കേതിക അറിവുകളുടെയും സംയോജനമാണ് സ്വദേശി സയന്‍സ് കോണ്‍ഗ്രസിലൂടെ ലക്ഷ്യമിടുന്നത്. പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടുന്നതിന് ഇത് അനിവാര്യമാണ്. വികസിത് ഭാരതത്തിലേക്കുള്ള മുന്നേറ്റത്തിന് ക്രിയാത്മകമായ സംഭാവനകള്‍ നല്‍കാന്‍ സമ്മേളനത്തിന് സാധിക്കും. അദ്ദേഹം വിശീദീകരിച്ചു.

ശാസ്ത്ര മേഖലയിലെ സമഗ്ര സംഭാവനക്ക് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി മുന്‍ ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ, ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ് ഡയറക്ടര്‍ ഡോ. ടി.എം. ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ക്ക് സ്വദേശി ശാസ്ത്ര പുരസ്‌കാരവും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ മുന്‍ പ്രൊഫസര്‍ ഡോ. വി.പി.എന്‍. നമ്പൂരിക്ക് സ്വദേശി പുരസ്‌കാരവും ഗവര്‍ണര്‍ നല്‍കി. കേരള കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകര്‍ക്ക് റിസര്‍ച്ച് പ്രൊജക്ട് അവാര്‍ഡുകളും നല്‍കി. വിജ്ഞാന്‍ ഭാരതി സെക്രട്ടറി ജനറല്‍ വിവേകാനന്ദ പൈ മുഖ്യ പ്രഭാഷണം നടത്തി. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. ആര്‍. ജയപ്രകാശ്, ഫിനാന്‍സ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, സ്വദേശി ശാസ്ത്ര പ്രസ്ഥാനം – കേരള പ്രസിഡണ്ട് ശിവകുമാര്‍ വേണുഗോപാല്‍, 32ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസ് സെക്രട്ടറി ഡോ. ജാസ്മിന്‍ എം. ഷാ, അധ്യാപകര്‍, ഗവേഷകര്‍ എന്നിവര്‍ സംബന്ധിച്ചു. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.

ഗവര്‍ണര്‍ തിരിതെളിച്ചു; 32ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസിന് കേരള കേന്ദ്ര സര്‍വകലാശാലയില്‍ പ്രൗഢോജ്ജ്വല തുടക്കം

പെരിയ: 32ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസിന് കേരള കേന്ദ്ര സര്‍വകലാശാലയില്‍ പ്രൗഢോജ്ജ്വല തുടക്കം. വിവിധ സര്‍വകലാശാലകളിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും വൈസ് ചാന്‍സലര്‍മാരും പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും സമ്പന്നമാക്കിയ സദസ്സിനെ സാക്ഷിയാക്കി കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമ്മേളനത്തിന് തിരിതെളിച്ചു. കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. മോഹനന്‍ കുന്നുമ്മല്‍, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. പി. രവീന്ദ്രന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്റ് ടെക്‌നോളജി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍, ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ് ഡയറക്ടര്‍ ടി.എം. ബാലകൃഷ്ണന്‍ നായര്‍, കേരള അക്കാദമി ഓഫ് സയന്‍സസ് പ്രസിഡണ്ട് പ്രൊഫ. ജി.എം. നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

വികസിത ഭാരതത്തിനായുള്ള ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം എന്ന വിഷയത്തില്‍ നടക്കുന്ന കോണ്‍ഗ്രസ് മൂന്ന് ദിവസം ക്യാംപസിനെ ശാസ്ത്ര സംവാദങ്ങളുടെയും ചര്‍ച്ചകളുടെയും കേന്ദ്രമാക്കി മാറ്റും. ഭാവിയിലെ ശാസ്ത്ര നേതൃത്വത്തെ വളര്‍ത്തിയെടുക്കാനുള്ള വേദി കൂടിയാണ് സര്‍വകലാശാല ഒരുക്കുന്നത്. മൂന്നൂറിലേറെ ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കുന്ന സമ്മേളനം രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക പുരോഗതിക്ക് അനിവാര്യമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള വേദിയായി മാറും. ഫിസിക്കല്‍ സയന്‍സസ്, എഞ്ചിനീയറിംഗ്, ബയോളജിക്കല്‍ സയന്‍സസ്, ബോട്ടണി, അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍, ഫോറസ്ട്രി, ഹെല്‍ത്ത് സയന്‍സസ്, എര്‍ത്ത് സയന്‍സസ്, ഭാരതീയ ജ്ഞാന പരമ്പര എന്നീ മേഖലകളെ അടിസ്ഥാനമാക്കി പ്രബന്ധാവതരണം, ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍ തുടങ്ങിയവ നടക്കും.

ഉദ്ഘാടന ദിവസം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്റ് ടെക്‌നോളജി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ സി.വി. രാമന്‍ അനുസ്മരണ പ്രഭാഷണവും കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. മോഹനന്‍ കുന്നുമ്മല്‍ പി. പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണവും നടത്തി. ഭാരതീയ ജ്ഞാന പരമ്പര എന്ന വിഷയത്തില്‍ അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് ഡീനും ഡയറക്ടറുമായ പ്രൊഫ. യു. കൃഷ്ണകുമാര്‍ സംസാരിച്ചു. നാളെ ശാസ്ത്രജ്ഞരുമായുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സംവാദവും നടക്കും. ജനുവരി 9ന് സമാപന സമ്മേളനത്തില്‍ കൊടഗ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. അശോക് എസ് ആളൂര്‍ സമാപന പ്രഭാഷണം നടത്തും.

Scroll to Top