പെരിയ: ശാസ്ത്ര സാങ്കേതിക ഗവേഷണ മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കുന്ന മലയാളി ശാസ്ത്രജ്ഞര്‍ക്കുള്ള സ്വദേശി ശാസ്ത്ര പുരസ്‌കാരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി മുന്‍ ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ, ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ് ഡയറക്ടര്‍ ഡോ. ടി.എം. ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമ്മാനിച്ചു.
കണ്ടന്‍സ്ഡ് ഫിസിക്സ്, ഭൗതിക – ജൈവ ശാസ്ത്ര ശാഖകളുടെ സമന്വയത്തിലൂന്നിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍, സ്വദേശീയത ഉള്‍ക്കൊണ്ട് ഇന്ത്യയില്‍ തന്നെ ആധുനികവും ലോകോത്തരവുമായ ശാസ്ത്രീയ ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചത് എന്നിവയാണ് ഡോ. ചന്ദ്രഭാസ് നാരായണയുടെ ശ്രദ്ധേയമായ സംഭാവനകള്‍. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയെ ലോകോത്തര ശാസ്ത്ര ഗവേഷണ സ്ഥാപനമാക്കി ഉയര്‍ത്തുന്നതില്‍ നേതൃത്വം നല്‍കിയതിനും ബംഗളുരു ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് റിസര്‍ച്ചിലെ പ്രൊഫസര്‍ എന്ന നിലയിലുള്ള ശാസ്ത്ര പുരോഗതിക്കായുള്ള സംഭാവനകള്‍ക്കും അംഗീകാരമാണ് പുരസ്‌കാരം.
ഭാരതത്തിനും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ മറ്റുരാജ്യങ്ങള്‍ക്കുമായി സമുദ്ര സംബന്ധമായ മുന്നറിയിപ്പുകള്‍, ഉപദേശ സേവനങ്ങള്‍ എന്നിവ നല്‍കുന്ന തീരദേശ സമയനിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിലും, സമുദ്ര നിരീക്ഷണ ശൃംഖലകള്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിക്കുന്നതിലും ഡോ. ടി. എം. ബാലകൃഷ്ണന്‍ നായര്‍ അമൂല്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ബ്ലൂ എക്കണോമിയുമായി ബന്ധപ്പെട്ട ഷിപ്പിംഗ്, എണ്ണ വ്യവസായം, തുറമുഖങ്ങള്‍, മാരിടൈം ബോര്‍ഡുകള്‍, തീരദേശ ടൂറിസം, മത്സ്യ ബന്ധന മേഖലകള്‍ തുടങ്ങിയവയ്ക്ക് ആവശ്യമായ സമുദ്രവുമായി ബന്ധപ്പെട്ട ഡാറ്റയും സേവനങ്ങളും വികസിപ്പിക്കുകയും പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്തതില്‍ നിര്‍ണായക പങ്കുവഹിച്ചു.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ വിസിറ്റിംഗ് പ്രൊഫസര്‍ ഡോ. വി.പി.എന്‍. നമ്പൂരിക്ക് സ്വദേശി പുരസ്‌കാരവും നല്‍കി. ലേസറുകളും ഓപ്റ്റോ എലക്ട്രോണിക് സയന്‍സുകളും ഉള്‍ക്കൊള്ളുന്ന സെന്റര്‍ ഓഫ് എക്സലന്‍സ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഇന്റ്്രേഗറ്റഡ് എം.എസ്.സി. ഫോട്ടോണിക്സ് കോഴ്സിന്റെ പാഠ്യപദ്ധതി രൂപകല്‍പ്പന ചെയ്തതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്ത്യയിലെ ലേസര്‍-ഫോട്ടോണിക്സ് മേഖലയില്‍ മുന്‍നിരയില്‍ നിലകൊള്ളുന്ന ലേസര്‍ ആന്റ് ഫോട്ടോണിക്സ് ലബോറട്ടറി സ്ഥാപിക്കുന്നതിനുള്ള കോര്‍ ടീം അംഗങ്ങളില്‍ ഒരാളായിരുന്നു. ഫൈബര്‍ ഓപ്റ്റിക് സെന്‍സറുകള്‍, നോണ്‍ലീനിയര്‍ ഓപ്റ്റിക്സ്, ഫോട്ടോണിക് മെറ്റീരിയലുകള്‍ എന്നീ മേഖലകളിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകള്‍.




