ചോറും വിഷമാകുമോ? ചൈനീസ് നെല്‍പ്പാടങ്ങളില്‍ നടത്തിയ പഠനം ഞെട്ടിക്കും
അന്തരീക്ഷത്തില്‍ ഉയര്‍ന്ന് വരുന്ന താപനിലയും അമിതമായ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവും മൂലം അരി ആര്‍സനിക്ക് അമിതമായി ആഗീരണം ചെയ്യുമെന്നും ഇത് വിഷമയവും അപകടകരവുമാണെന്നും വ്യക്തമാക്കുകയാണ് പുറത്ത് വന്ന ഒരു പഠനം. ഈ അവസ്ഥ തുടരുകയാണെങ്കില്‍ കോടിക്കണക്കിന് പേരുടെ പ്രിയപ്പെട്ട ഭക്ഷണമായ ചോറും ഭാവിയില്‍ വിഷമായി മാറാമെന്നാണ് മുന്നറിയിപ്പ്. കൊളംബിയ യൂണിവേഴ്സിറ്റി നയിച്ച പഠനം ദ ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൂടുള്ള, കാര്‍ബണ്‍ നിറഞ്ഞ സാഹചര്യം അരിയില്‍ ആര്‍സനിക്കിന്റെ അളവ് കൂട്ടും.
ഭൂഗര്‍ഭ ജലത്തിലാണ് ആര്‍സനിക്ക് സാധാരണയായി കാണപ്പെടുന്നത്. എന്നാല്‍ ഇത് ഭക്ഷണത്തിലൂടെ മനുഷ്യ ശരീരത്തിലെത്തിയാല്‍ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും. ഓര്‍ഗാനിക്ക് അല്ലാത്ത ആര്‍സനിക്ക് കടുത്ത വിഷമാണ്. ഇത് അമിതമായി ശരീരത്തില്‍ എത്തിയാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, പല തരത്തിലുള്ള കാന്‍സര്‍ എന്നിവ പിടിപെടാനുള്ള സാധ്യതയാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ചോറു കഴിക്കുന്നത് വഴി ശരീരത്തില്‍ ഇവ അടിഞ്ഞുകൂടും. ഇതാണ് ആരോഗ്യത്തെ പിന്നീട് ബാധിക്കുന്ന തലത്തിലേക്ക് മാറുന്നത്.
ചൈനയിലെ യാങ്സേ നദി ഡെല്‍റ്റയിലുള്ള നെല്‍പ്പാടങ്ങളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. താപനിലയിലും കാര്‍ബണ്‍ ഡയോക്സൈഡ് അളവിലും ഉള്ള മാറ്റം അരി വിളയുന്നതിനെയും ബാധിക്കുന്നുണ്ട്. മണ്ണിന്റെ രാസഘടനയില്‍ പോലും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ആര്‍സനിക്ക് വെള്ളത്തില്‍ പെട്ടെന്ന് അലിയും വെള്ളം നിറഞ്ഞുകിടക്കുന്ന നെല്‍വയലുകളിലെ ചെടികള്‍ പത്തു മുതല്‍ ഇരുപത് മടങ്ങ് മറ്റ് വിളകളെക്കാള്‍ കൂടുതലായി ഇതിനെ ആഗീരണം ചെയ്യും.ഈ പ്രശ്നം ചൈനയില്‍ മാത്രമല്ല, ഏഷ്യയില്‍ ബംഗ്ലാദേശ്, ഇന്ത്യ, ഇന്തോനേഷ്യ, മ്യാന്‍മാര്‍, ഫിലിപ്പൈന്‍സ്, വിയറ്റ്നാം എന്നിവിടങ്ങളിലും ഇതേ അപകടം പതിയിരിപ്പുണ്ടെന്നാണ് വിലയിരുത്തല്‍.




