ജനുവരി 9ന് പ്രവാസി ഭാരതീയ ദിവസായി ആചരിക്കുമ്പോള്‍ ആഘോഷിക്കപ്പെടുന്നത് പ്രവാസം വളര്‍ത്തിയ ഒരു നാടിന്റെ കഥ കൂടിയാണ്. നാടാകെ കാടു മൂടി, ജീവിതമാകെ ദാരിദ്ര്യത്തില്‍ കൂടിക്കുഴഞ്ഞു കിടന്നിരുന്ന കാസര്‍കോട് ഇന്ന് വികസനത്തിന്റെ, സമ്പന്നരുടെ നാടാണ്. കാസര്‍കോടിനെ പ്രവാസലോകം വളര്‍ത്തിയതെങ്ങനെയാണ്? എന്താണ് ആ ജില്ലയുടെ പ്രവാസ ചരിത്രം? ബസില്‍ ബോംബെയ്ക്കു പോയും അവിടെനിന്ന് കള്ളലോഞ്ച് കയറിയും ഉയരങ്ങളിലേക്കു കുതിച്ച കാസര്‍കോടന്‍ ഗാഥയാണിത്. കാസര്‍കോടിനെ പ്രതാപങ്ങളിലേക്കുയര്‍ത്തിയ പ്രവാസവഴികളിലൂടെ ഒരു യാത്രയും.
നിറം മങ്ങിയ ഒരു പഴയ കാസര്‍കോടുണ്ടായിരുന്നു. കാടു മൂടിയ കുന്നുകളും ചെമ്മണ്‍ പാതകളും മാത്രമുണ്ടായിരുന്ന കാസര്‍കോട്. വെറും 6 പതിറ്റാണ്ടു മുന്‍പു പോലും ഓലയും പുല്ലും മേഞ്ഞ ചെറിയ വീടുകളായിരുന്നു അധികവും. വലിയ വീടുകളായി ഉണ്ടായിരുന്നത് ഏതാനും സമ്പന്നരുടെ തറവാടു പുരകള്‍ മാത്രം. ഓരോ കടവുകളിലുമുണ്ടായിരുന്ന കടത്തുകളായിരുന്നു പ്രധാന യാത്രാമാര്‍ഗം. പലയിടത്തും ദാരിദ്ര്യം അതിന്റെ ഏറ്റവും ഭീകരതയോടെ നടമാടി. എന്നാല്‍ അന്ന് നിരപ്പലകയിട്ടു പ്രവര്‍ത്തിച്ചിരുന്ന ചായപ്പീടികകളില്‍ പലതും ഇന്ന് സ്വര്‍ണക്കടകളായി മാറി. ഉള്ളി ബജിയും ഗോളി ബജിയും മാത്രം പ്രധാന പലഹാരമായിരുന്നിടത്തേക്ക് അല്‍ഫാമും ഷവര്‍മയും കുഴിമന്തിയുമെല്ലാം കടന്നുവന്നു. റോഡുകളില്‍ കാറുകള്‍ നിറഞ്ഞു, അതില്‍ത്തന്നെ ആഡംബര വാഹനങ്ങളാണേറെയും. ഓല മേഞ്ഞ വീടുകളെല്ലാം ഇരുനിലക്കെട്ടിടങ്ങളായി മാറി. പുതിയ തലമുറ ആധുനിക കോഴ്സുകള്‍ പഠിച്ച് വിദ്യാ സമ്പന്നരായിക്കൊണ്ടിരിക്കുന്നു. കാസര്‍കോട് വളരുന്നു.
എങ്ങനെയാണ് കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ഈ ജില്ല ഇത്രയേറെ
വികസിച്ചത്? അതിന്റെ ഉത്തരം വന്നെത്തി നില്‍ക്കുക ഒരൊറ്റ വാക്കിലാണ്- പ്രവാസം.




