നായക്‌സ് റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം: മുസ്ലിം യൂത്ത് ലീഗ്

നായക്‌സ് റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം: മുസ്ലിം യൂത്ത് ലീഗ്

കാസര്‍കോട്: നഗരത്തിലെ എം.ജി റോഡിനെയും ബാങ്ക് റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡായ നായക്സ് റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീമിന് നിവേദനം നല്‍കി. ബാങ്ക് റോഡില്‍ നിന്നും നായക്സ് റോഡില്‍ കയറുന്ന ഭാഗത്ത് ജില്ലാ കോപ്പറേറ്റീവ് ബാങ്കിന് മുമ്പില്‍ ബാങ്കിന്റെ സ്ഥലത്തിന്റെ അതിര്‍ത്തി നിശ്ചയിക്കുന്ന രീതിയില്‍ കോണ്‍ക്രീറ്റ് കട്ട സ്ഥാപിച്ചത് റോഡിലേക്ക് കയറിയ രീതിയിലാണ് ഉള്ളത്. ഇത് കാരണം അവിടെ ഗതാഗത തടസ്സവും അനുഭവപ്പെടുകയാണ്. നിരവധി വാഹനങ്ങള്‍ക്ക് ഇതില്‍ തട്ടി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആ കോണ്‍ക്രീറ്റ് കട്ട അവിടെ നിന്ന് മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കൂടാതെ നായക്സ് റോഡില്‍ നിന്നും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പോകുന്ന റോഡിന്റെ സമീപത്തായി ഡ്രൈനേജിന് കവറിംഗ് സ്ലാബ് ഇല്ലാത്തത് കാരണം നിരവധി വാഹനങ്ങള്‍ അപകടത്തില്‍ പെടുകയാണ്. നിരവധി ഡോക്ടര്‍മാരുടെ ക്ലിനിക്കുകളും വക്കീല്‍ ഓഫീസുകളും സിനിമാ തിയ്യറ്ററുകളും നിരവധി ഓഫീസുകളും കടകളും പ്രവര്‍ത്തിക്കുന്ന വളരെ തിരക്ക് പിടിച്ച റോഡാണിത്. റോഡിന്റെ ലെവലില്‍ ഡ്രൈനേജിന് കവറിംഗ് സ്ലാബ് സ്ഥാപിച്ചാല്‍ റോഡിന് കൂടുതല്‍ വീതി കിട്ടുകയും ഗതാഗതം കൂടുതല്‍ സുഗമമാകുകയും ചെയ്യും. നായക്സ് റോഡില്‍ ഡ്രൈനേജിന് കവറിംഗ് സ്ലാബ് ഇല്ലാത്ത ഭാഗങ്ങളില്‍ കവറിംഗ് സ്ലാബ് സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
അതുപോലെ നായക്സ് റോഡിന്റെ അവസാന ഭാഗത്ത് സിറ്റി ഗോള്‍ഡ് ജ്വല്ലറിയുടെ പിറകിലായി ഒരു വലിയ മരം ഏതു നിമിഷവും വീഴാറായ നിലയില്‍ അപകടാവസ്ഥയിലാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ആയത് മുറിച്ചു മാറ്റുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, ജനറല്‍ സെക്രട്ടറി അനസ് കണ്ടത്തില്‍, ട്രഷറര്‍ സഫ്വാന്‍ അണങ്കൂര്‍, സെക്രട്ടറിമാരായ താജു ബെല്‍ക്കാട്, ഷാക്കിര്‍ ഇര്‍ഷാദി ബെദിര, റംസീന റിയാസ് തുടങ്ങിയ ഭാരവാഹികളാണ് നിവേദനം നല്‍കിയത്.

Scroll to Top