കാസര്‍കോട് 2.5 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഫോസിലുകള്‍ കണ്ടെത്തി; നിര്‍ണായകം

രണ്ടര ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ ഭൂപ്രകൃതി എങ്ങനെ ആയിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. എന്നാല്‍ അതിലേക്ക് വിരല്‍ചൂണ്ടുന്ന ശേഷിപ്പുകള്‍ കണ്ടെത്തിയിരിക്കുകയാണ് കാസര്‍കോട് ചെറുവത്തൂരില്‍. ദേശീയപാത നിര്‍മ്മാണത്തിനായി ഇടിച്ച വീരമല കുന്നില്‍ നിന്നാണ് രണ്ടര ദശലക്ഷം വര്‍ഷം പഴക്കമുള്ള ഫോസിലുകള്‍ കണ്ടെത്തിയിരിക്കുന്നത്.

ഈ വമ്പന്‍ കുന്നിന് അരികിലൂടെയാണ് തേജസ്വലി പുഴ ഒഴുകിയിരുന്നത് എന്ന് വിശ്വസിക്കാനാകുമോ. എന്നാല്‍ അതിനുള്ള തെളിവുകള്‍ നിരത്തുകയാണ് ഗവേഷകര്‍. ദേശീയപാത നിര്‍മ്മാണത്തിനായി മണ്ണിടിച്ചതോടെയാണ് ഭൗമ ചരിത്രം പുറത്തുവന്നത്. മേഖലയിലെ ശില പാളികളില്‍ നിന്ന് ലഭിച്ച ഫോസിലുകള്‍ കേന്ദ്രീകരിച്ചുള്ള ഗവേഷണമാണ് കണ്ടെത്തലിലേക്ക് എത്തിച്ചത്. 2.5 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മിയോപ്ലയോസീന്‍ കാലഘട്ടത്തില്‍ ശാന്തമായി ഒഴുകിയ നദിയാണ് മേഖലയില്‍ ഫോസില്‍ നിക്ഷേപം നടത്തിയത്. കേന്ദ്ര സര്‍വകലാശാല ജിയോളജി വിഭാഗം പ്രൊഫസര്‍മാരായ ഡോ. കെ.സന്ദീപ് ഡോ.ഷാജി എന്നിവരുടെ കീഴില്‍ കെ.വി ശരതാണ് ചെറുവത്തൂര്‍ ഫോര്‍മേഷനെ കുറിച്ച് പഠനം നടത്തിയത്.

പഠനം പാലിയോളജിയോഗ്രാഫി, പാലിയോ ക്ലൈമറ്റോളജി, പാലിയോ ഓഷ്യയോളജി എന്നീ അന്താരാഷ്ട്ര ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വര്‍ക്കല ഫോര്‍മേഷന്‍ സമാനമായി ചെറുവത്തൂര്‍ ഫോര്‍മേഷന്റെ ഭൗമ പ്രാധാന്യം കണക്കിലെടുത്ത് സംരക്ഷിക്കണം എന്നാണ് ആവശ്യം.

Scroll to Top