ഇയര്‍ഫോണ്‍ ഇന്ത്യന്‍ യുവത്വത്തിന്റെ കേള്‍വിശക്തി ഇല്ലാതാക്കുമ്പോള്‍! ഇക്കാര്യം അറിഞ്ഞിരിക്കാം

ഇയര്‍ഫോണ്‍ ഇന്ത്യന്‍ യുവത്വത്തിന്റെ കേള്‍വിശക്തി ഇല്ലാതാക്കുമ്പോള്‍! ഇക്കാര്യം അറിഞ്ഞിരിക്കാം

ഇയര്‍ഫോണ്‍ ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ച് ഓര്‍ക്കാന്‍ കഴിയില്ല. പാട്ടുകേള്‍ക്കാന്‍, ഫോണ്‍ കോള്‍ ചെയ്യാന്‍, വര്‍ക്ക്ഔട്ട് ചെയ്യുമ്പോള്‍ എന്തിന് ഓണ്‍ലൈന്‍ മീറ്റിങിനു പോലും നമുക്ക് ഇയര്‍ഫോണുകള്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഉപകരണമാണ്. എപ്പോഴും ചെവിക്കുള്ളില്‍ ഇയര്‍ഫോണുമായി കഴിയുന്നവര്‍ അറിയാതെ പോകുന്ന, ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ് അവരെ കാത്തിരിക്കുന്ന ഒരു ആരോഗ്യ പ്രശ്നം. അമിതമായ ശബ്ദം മൂലം സ്വന്തം കേള്‍വിശക്തി നഷ്ടമാകുകയാണ് എന്ന് പലരും തിരിച്ചറിയുന്നത് വളരെ വൈകിയാണ്.

സുരക്ഷിതമല്ലാത്ത രീതിയില്‍ ഇയര്‍ഫോണുകളും മറ്റ് ഓഡിയോ ഉപകരണളും ഉപയോഗിക്കുന്നത് മൂലം ഒരു ബില്യണിലധികം ചെറുപ്പക്കാര്‍ക്കാണ് കേള്‍വിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടായതെന്ന് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലേ കാര്യം പരിഗണിച്ചാല്‍ കൗമാരക്കാരിലും യുവാക്കളിലുമാണ് ഈ ട്രെന്‍ഡ് കാണപ്പെടുന്നതെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ചെവിയിലേക്ക് ഇയര്‍ബഡുകള്‍ വയ്ക്കുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാന്‍ ഭൂരിഭാഗം പേരും മെനക്കെടാറില്ല. വൃത്തിയുടെ കാര്യം മാത്രമല്ല ഇവിടെ ശ്രദ്ധിക്കേണ്ടത്, ഒരൊറ്റ ദിവസം എത്ര നേരം എത്ര ഉച്ചത്തിലാണ് അത് ഉപയോഗിക്കുന്നതെന്നും നമ്മള്‍ ചിന്തിക്കണമെന്ന് മണിപാല്‍ ഹോസ്പ്പിറ്റല്‍ സ്‌കള്‍ ബേസ് സര്‍ജനും ഇഎന്‍ടി ഹെഡ് ആന്‍ഡ് നെക്ക് സര്‍ജനുമായ ഡോ സതീഷ് നായര്‍ ഓര്‍മിപ്പിക്കുന്നു.

ഉള്‍ക്കാതിലെ ഹെയര്‍ സെല്ലുകളെ അമിതമായ ശബ്ദം ബാധിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. നശിച്ചു പോകുന്ന ഈ കോശങ്ങള്‍ പിന്നീട് ഉണ്ടാവുകയില്ല. ഇതിന്റെ ഫലമായി നഷ്ടമാകുന്ന കേള്‍വി ചിലപ്പോള്‍ താത്കാലികമാകാം, എന്നാല്‍ ചിലസമയം കേള്‍വി എന്നന്നേക്കുമായി നഷ്ടപ്പെടും. 85 ഡെസിബെല്‍വരെയാണ് സുരക്ഷിതമായി കേള്‍ക്കാന്‍ പറ്റിയ ശബ്ദത്തിന്റെ അളവ്. നിരന്തരമായി ഇതിനെ മറികടന്ന അളവില്‍ ചെവിക്കുള്ളില്‍ ശബ്ദം മുഴങ്ങുന്നത് വലിയ അപകടത്തിലേക്കാണ് നയിക്കുക. പലര്‍ക്കും കേള്‍വി കുറഞ്ഞ് തുടങ്ങിയത് മനസിലാക്കാന്‍ തന്നെ സാധിക്കില്ല. ചെവിക്കുള്ളിലുണ്ടാകുന്ന മുഴക്കം, പറയുന്ന കാര്യം മനസിലാക്കാന്‍ കഴിയാതെ പോകുന്ന അവസ്ഥ എന്നിവയെല്ലാം കേള്‍വി പൂര്‍ണായി നഷ്ടമാകുന്ന സ്ഥിതിയിലെത്തുമ്പോഴാകും ശ്രദ്ധിക്കുക.

ചെവിയിലുണ്ടാകുന്ന മുഴക്കം അല്ലെങ്കില്‍ മുരളല്‍, കേള്‍വിയില്‍ എന്തോ തടസം രൂപപ്പെട്ട പോലെയുള്ള ഒരു തോന്നല്‍, കേള്‍ക്കുന്നതിലെ വ്യക്തതയില്ലായ്മ, ബഹളമുള്ള സാഹചര്യങ്ങളില്‍ സംഭാഷണങ്ങള്‍ മനസിലാകാതെ പോകുക, കുറേ ശബ്ദം കേട്ട ശേഷം ചെവിക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട്, ചില ശബ്ദങ്ങള്‍ കേള്‍ക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളെല്ലാം തള്ളിക്കളയാന്‍ പാടില്ലാത്ത സൂചനകളാണ്.

വൃത്തിയില്ലാത്ത ഇയര്‍ബഡുകളാണ് കേള്‍വിശക്തി നഷ്ടമാകാന്‍ കാരണമെന്നൊരു വിശ്വാസം പൊതുവേയുണ്ട്. വൃത്തി പ്രധാനപ്പെട്ട ഘടകമാണെങ്കിലും ഇതല്ല പ്രധാന അപകടമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. വിയര്‍പ്പും ഈര്‍പ്പവും മൂലം വൃത്തിയില്ലാത്ത ഇയര്‍ബഡുകള്‍ അണുബാധയ്ക്ക് കാരണമാകാം. പക്ഷേ കേള്‍വിശക്തിയെ ബാധിക്കുന്ന പ്രധാനകാരണം അമിതമായ ശബ്ദം തന്നെയാണ്. അമിതമായ ശബ്ദം മൂലം കേള്‍വിനഷ്ടമാകുന്ന സ്ഥിതിയെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കും. അതിന് ആദ്യം ചെയ്യേണ്ടത് ഈ ശബ്ദത്തില്‍ നിന്നും അകലം പാലിക്കുക എന്നത് തന്നെയാണ്.

ഡോക്ടര്‍മാര്‍ പ്രധാനമായും പറയുന്നത് WHOയുടെ 60-60 നിയമം പിന്തുടരാനാണ്. വോളിയം ഒരിക്കലും അറുപത് ശതമാനത്തില്‍ കൂടരുത്. മാത്രമല്ല ഒരേ സമയം അറുപത് മിനിറ്റില്‍ കൂടുതല്‍ അങ്ങനെ കേള്‍ക്കാനും പാടില്ല. ഇയര്‍ഫോണ്‍ ഉപയോഗം കുറയ്ക്കണം. സൗണ്ട് എക്സോപഷര്‍ 80 ഡെസിബെല്ലിന് താഴെയാകണം. കാതുകളില്‍ ഒരിക്കല്‍ പ്രശ്നം പറ്റിയാല്‍ പിന്നെ പഴയപടിയാകില്ല. അതിനാല്‍ സ്ഥിരമായി ഇയര്‍ബഡുകളും ഹെഡ്സെറ്റും ഉപയോഗിക്കുന്നത് കുറയ്ക്കുക, കേള്‍വിശക്തി ഇടയ്ക്കിടെ പരിശോധിക്കുക, ഇഎന്‍ടി സ്പെഷ്യലിസ്റ്റിനെ എത്രയും പെട്ടെന്ന് സമീപിക്കുക എന്നതെല്ലാം അപകടം ഒഴിവാക്കാന്‍ നല്ലതാണ്. ഒരിക്കലും പെട്ടെന്ന് നഷ്ടപ്പെടുന്ന ഒന്നല്ല കേള്‍വിശക്തി, അത് പതിയെ പതിയെയാണ് നഷ്ടപ്പെടുക, ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ ഒരിക്കലും വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് ഓര്‍ക്കുക.

Scroll to Top