എല്ലാ ദിവസവും ഭക്ഷണത്തില്‍ പച്ചമുളക് ഉള്‍പ്പെടുത്തിയാല്‍ എന്ത് സംഭവിക്കും?
ഭക്ഷണത്തില്‍ എല്ലാത്തരം പച്ചക്കറികളും ഉള്‍പ്പെടുത്തിയാല്‍ അത്രയും ഗുണവും ശരീരത്തിനുണ്ടാകുമെന്നാണല്ലോ പറയപ്പെടുന്നത്. ഇത് പച്ചമുളകിന്റെ കാര്യത്തില്‍ ശരിയാണോ? ഹോം ഷെഫായ മഞ്ജു മിത്തല്‍ പറയുന്നത് ഭക്ഷണത്തില്‍ ഒരു പച്ചമുളക് ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ്. ഓരോ ഭക്ഷണത്തിനുമൊപ്പം ഒരു പച്ചമുളക് ഉള്‍പ്പെടുത്തുന്നത് ചര്‍മത്തിന്റെ തിളക്കത്തിനും ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടാനും ശരീരഭാരം കുറയ്ക്കാനും നല്ലതാണെന്നാണ് മിത്തല്‍ പറയുന്നത്.
എല്ലാ ദിവസവും ഒരു പച്ചമുളക് വീതം കഴിക്കാമോ എന്നൊരു സംശയം മനസിലുണ്ടാകും അല്ലേ? വിറ്റമിനുകളും ആന്റിഓക്സിഡന്റുകളും നിറഞ്ഞ പച്ചമുളക് ശരീരത്തിന് നല്ലതാണ്. മെറ്റബോളിസത്തിനെ ഇത് സഹായിക്കും. എന്നാല്‍ ഇത് എല്ലാ ദിവസവും കഴിക്കുന്നതിന് നിയന്ത്രണം വേണമെന്നാണ് മുംബൈ അപ്പോളോ സ്പെക്ട്രയിലെ ഡയറ്റീഷ്യനായ ഫൗസിയ അന്‍സാരി പറയുന്നത്.
പച്ചമുളകില്‍ അടങ്ങിയിട്ടുള്ള കാപ്സെയ്സിന്റെ അളവ് വയറിനുള്ളില്‍ പുകച്ചിലുണ്ടാക്കും. മാത്രമല്ല അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നീ അവസ്ഥയ്ക്കും കാരണമാകും. സെന്‍സിറ്റീവായ സ്റ്റൊമക്ക് ഉള്ളവര്‍, ആസിഡ് റിഫ്ളക്സ്, അള്‍സര്‍ എന്നീ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ ദിവസേന പച്ചമുളക് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ഇത്തരക്കാരുടെ അവസ്ഥ കൂടുതല്‍ മോശമാക്കും. പച്ചമുളകിന്റെ എരിവനെ കുറിച്ച് പ്രത്യേകം വിശദീകരിക്കണ്ടല്ലോ, ഈ എരിവ് വായയിലും തൊണ്ടയിലും നല്ല പുകച്ചിലുണ്ടാക്കും. മുളകിലുള്ള കാപ്സെയ്സിന്‍ ഡൈജസ്റ്റീവ് ട്രാക്ടിലെ പെയിന്‍ റിസപ്റ്റേഴ്സിനെ പ്രവര്‍ത്തന ക്ഷമമാക്കും ഇതോടെ ഭക്ഷണം സഞ്ചരിക്കുന്ന പാതയില്‍ തന്നെ പുകച്ചിലുണ്ടാകുകയും ഇതിന്റെ തീവ്രത കൂടുകയും ചെയ്യും.
അതേസമയം പച്ചമുളക് കഴിക്കുന്നത് ചര്‍മത്തിന്റെ തിളക്കത്തിന് നല്ലതാണെന്ന് പറയുന്നത് തെളിവുകളൊന്നുമില്ലെന്നും ഫൗസിയ അന്‍സാരി പറയുന്നു. ദിവസേന ഒരുപാട് പച്ചമുളകുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തെ എളുപ്പത്തിലാക്കും. എന്നാല്‍ വേദനയും വയറിളക്കവും ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഫൗസിയ ഓര്‍മിപ്പിക്കുന്നു. പച്ചമുളക്, ചുവന്നമുളക് എന്നിവ ഒഴിവാക്കി, കുറച്ചു കൂടി lighter green variety മുളകുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലതെന്നും അവര്‍ നിര്‍ദേശിക്കുന്നുണ്ട്.




