രാജ്കോട്ട്
ഡാരില്‍ മിച്ചെലിന്റെ സെഞ്ചുറിക്കരുത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവുമായി ന്യൂസിലന്‍ഡ്. രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഏഴ് വിക്കറ്റ് ജയത്തോടെ കിവീസ് പരമ്പരയില്‍ 1-1ന് ഒപ്പമെത്തി. 117 പന്തില്‍ പുറത്താകാതെ 131 റണ്ണടിച്ച് കളിയിലെ താരമായ മിച്ചെലിന്റെ ഇന്നിങ്‌സില്‍ 11 ഫോറും രണ്ട് സിക്‌സറും അകമ്പടിയായി. വില്‍ യങുമൊത്ത് (87) മൂന്നാം വിക്കറ്റില്‍ നേടിയ 162 റണ്‍ കളിയുടെ ഗതി മാറ്റി. ഇന്ത്യക്കായി കെ എല്‍ രാഹുല്‍ നേടിയ സെഞ്ചുറി(112) പാഴായി.
സ്‌കോര്‍: ഇന്ത്യ 284/7, ന്യൂസിലന്‍ഡ് 286/3 (47.3)
ഓപ്പണര്‍മാരായ ഡെവന്‍ കോണ്‍വെയെയും(16) ഹെന്റി നിക്കോള്‍സിനെയും(10) നഷ്ടമായശേഷമാണ് എട്ടാം സെഞ്ചുറി നേടിയ മിച്ചെലും യങും തകര്‍ത്തടിച്ചത്. യങ് പുറത്തായെങ്കിലും ഗ്ലെന്‍ ഫിലിപ്സ് (32) വിജയത്തില്‍ മിച്ചെലിന് കൂട്ടായി. 2017നുശേഷമാണ് ന്യൂസിലന്‍ഡ് ഇന്ത്യയില്‍ കളി ജയിക്കുന്നത്. തുടര്‍ച്ചയായി എട്ട് തോല്‍വിക്കുശേഷമുള്ള ജയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി രോഹിത് ശര്‍മയും(24) ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും(56) നല്ല തുടക്കം നല്‍കി. വിരാട് കോഹ്ലിക്കും(23) ശ്രേയസ് അയ്യര്‍ക്കും(8) സ്‌കോര്‍ ഉയര്‍ത്താനായില്ല. എട്ടാം സെഞ്ചുറി നേടിയ രാഹുലും രവീന്ദ്ര ജഡേജയും (27) ചേര്‍ന്ന് 73 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. നിതീഷ് കുമാര്‍ റെഡ്ഡി 20 റണ്‍ നേടി. പരമ്പര ജേതാക്കളെ നിര്‍ണയിക്കുന്ന അവസാന മത്സരം ഞായറാഴ്ച ഇന്‍ഡോറില്‍ നടക്കും.
തിരിച്ചടിച്ച് കിവീസ് ; ഇന്ത്യയെ ഏഴ് വിക്കറ്റിന് ?തോല്‍പ്പിച്ചു




