കാസര്‍ഗോഡ് : ആരിക്കാടിയില്‍ സ്ഥാപിച്ചിരിക്കുന്ന താത്കാലിക ടോള്‍ ബൂത്ത് നിയമവിരുദ്ധവും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നയത്തിന് വിരുദ്ധമാണെന്നും ബിജെപി സംസ്ഥാന – കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചതായും പ്രസ്തുത ടോള്‍ അവസാനിപ്പിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി പറഞ്ഞു.
ബിജെപി സംസ്ഥാന നേതൃത്വം ഇക്കാര്യം ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. 25 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ മറ്റൊരു ടോള്‍ ബൂത്ത് സ്ഥാപിക്കുന്നതിനെതിരെ ബിജെപിയുടെ പ്രതിഷേധം ദേശീയ പാതാ റീജിയണല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവരെ മാസങ്ങള്‍ക്ക് മുമ്പേ തന്നെ രേഖാമൂലം അറിയിച്ചിരുന്നു. ദേശീയപാതാ അതോറിറ്റിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പിടിവാശിയും തെറ്റായ നിലപാടും ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. കാസര്‍ഗോഡ്, മഞ്ചേശ്വരം താലൂക്കുകളിലെ നല്ലൊരു ശതമാനം ആളുകളും ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും തൊഴിലിനും കര്‍ണ്ണാടകയിലെ പട്ടണങ്ങളെയാണ് ആശ്രയിക്കുന്നതെന്നും ഈ നിയമവിരുദ്ധ ടോള്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധനവ് ഉള്‍പ്പെടെ വലിയ സാമ്പത്തിക ബാധ്യതയാണ് ജനങ്ങള്‍ക്കുണ്ടാക്കുകയെന്നതും സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ട് ഈ വിഷയത്തിന് ഉടന്‍ പരിഹാരം ഉണ്ടാക്കുമെന്ന് ബിജെപി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
എ.കെ.എം അഷ്‌റഫ് ഇപ്പോള്‍ നടത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയുള്ള സമരമാണ്. ജനപ്രതിനിധിയെന്ന തരത്തില്‍ കൃത്യമായ ഇടപ്പെടലുകള്‍ നടത്തുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടുവെന്നും ഇതിന്റെ ജാള്യത മറക്കാനാണ് ടോള്‍ വിരുദ്ധ സമരവുമായി രംഗത്ത് വന്നതെന്നും അശ്വിനി കൂട്ടിച്ചേര്‍ത്തു.




