രാത്രിയില്‍ ഉറങ്ങാതിരുന്ന് ഫോണ്‍ നോക്കുന്നുണ്ടോ! ആയൂര്‍ദൈര്‍ഘ്യത്തെ ബാധിക്കും

ഉറക്കത്തേക്കാള്‍ ആയൂര്‍ദൈര്‍ഘ്യത്തെ ബാധിക്കുന്ന മറ്റൊരു ഘടകമുണ്ട്
അമേരിക്കയിലെ ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനമാണ് രാത്രിയില്‍ ഉറക്കം കുറയുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അപകടത്തെ കുറിച്ച് വിശദീകരിക്കുന്നത്. ഉറക്കം കുറയുന്നത് ആയൂര്‍ദൈര്‍ഘ്യം ചുരുങ്ങാന്‍ വഴിവെയ്ക്കും. 2019 മുതല്‍ 2025 വരെയുള്ള കാലങ്ങളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയിരിക്കുന്നത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് സര്‍വേ നടത്തിയത്.

പഠനം പറയുന്നത് നന്നായി ഉറങ്ങുന്നവരില്‍ ആയുസ് വര്‍ധിക്കുമെന്നാണ് ഉറക്കം കുറയുന്നവരില്‍ നേരെ തിരിച്ചും. ആയൂര്‍ദൈര്‍ഘ്യവുമായി ബന്ധപ്പെടുത്തുന്ന ജീവിതശൈലീ ഘടകങ്ങളെ വിലയിരുത്തിയാല്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത് ഉറക്കത്തിനാണ്. ഇതിനൊപ്പം തന്നെ മറ്റ് ചില ഘടകങ്ങളും സ്വാധീനം ചെലുത്തുന്നുണ്ട്. ഭക്ഷണരീതി, വ്യായാമം, സാമൂഹിക സമ്പര്‍ക്കമെന്നിവയാണ് അവയെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇനി മറ്റൊരു പ്രധാനകാര്യം ഉറക്കത്തേക്കാള്‍ ആയൂര്‍ദൈര്‍ഘ്യത്തെ ബാധിക്കുന്ന മറ്റൊരു ഘടകമുണ്ട്. അത് പുകവലിയാണ്. ആരോഗ്യവും ഉറക്കവുമായി ബന്ധമുണ്ടെന്ന് മുന്‍പ് തന്നെ മനസിലാക്കിയിട്ടുള്ളതാണ്. എന്നാല്‍ ആയുസും ഉറക്കവും തമ്മിലുള്ള ആഴമുള്ള ബന്ധം വ്യക്തമായ ആദ്യ പഠനമാണ് പുറത്ത് വന്നിരിക്കുന്നത്. ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണമെന്നതാണ് കണക്ക്.

ഹൃദയാരോഗ്യം, പ്രതിരോധശേഷി, വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവ ആയൂര്‍ദൈര്‍ഘ്യത്തെ സ്വാധീനിക്കും. ഭക്ഷണവും വ്യായാമവും ഉറക്കവും ഒരേ പോലെ പ്രധാനപ്പെട്ടതാണ്. മാനസികാരോഗ്യവും മികച്ച ഉറക്കം മൂലം മെച്ചപ്പെടും. ഇതും നിങ്ങള്‍ എത്രകാലം ജീവിക്കുമെന്നത് നിശ്ചയിക്കും.

ഉറക്കത്തിന് മുമ്പ് വയറുനിറയെ വെള്ളം കുടിക്കരുത്. അത്താഴം കഴിക്കുന്നത് തന്നെ ഉറക്കത്തിന് രണ്ട് മണിക്കൂര്‍ മുമ്പായിരിക്കണം. ചായ, കാപ്പി, കോള എന്നിവ ഉത്തേജന സ്വഭാവമുള്ള പാനീയങ്ങളാണ്, ഇവ രാത്രി കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രകാശം ഉറക്കത്തെ തടസപ്പെടുത്തും, ഇരുണ്ടതും തണുത്തതുമായ അന്തരീക്ഷത്തില്‍ ഉറങ്ങാന്‍ ശ്രമിക്കുക. പ്രധാനകാര്യങ്ങളിലൊന്ന് ഉറക്കത്തിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും സ്‌ക്രീന്‍ ഉപയോഗം അവസാനിപ്പിക്കുക എന്നതാണ്.

Scroll to Top