കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവം ഇന്ന് സമാപിക്കും, വെടിക്കെട്ട് നടത്തിയതിന് ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ കേസ്

കുമ്പള.കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ പ്രധാന ചടങ്ങായ കരിമരുന്ന് പ്രയോഗം(വെടി ക്കെട്ട്)നടത്തിയതിന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. അഞ്ചോളം ഭാരവാഹികള്‍ക്കെതിരെയാണ് കേസ്. വെടിക്കെട്ടിന് കുമ്പള പോലീസ് അനുമതി നിഷേധിച്ചിരുന്നു.

അതിനിടെ മാനത്ത് വര്‍ണ്ണാമയം തീര്‍ത്ത് കഴിഞ്ഞദിവസം വെടിക്കെട്ടും, ചിരഞ്ജീവി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കുമ്പളയുടെ സംഗീത നിശയും(മ്യൂസിക്കല്‍ നൈറ്റ്) ക്ഷേത്രോത്സവത്തിന് പൊലിമയേകി. ഭക്തജന തിരക്കില്‍ കുമ്പള നഗരം വീര്‍പ്പുമുട്ടി.

ക്ഷേത്ര സന്നിധിയിലും,കുമ്പള ടൗണിലും വലിയ തോതിലുള്ള ഭക്തജന തിരക്കാണ് ഇന്നും അനുഭവപ്പെടുന്നത്. ഗതാഗതവും ഭക്തജനങ്ങളെയും നിയന്ത്രിക്കാന്‍ ക്ഷേത്ര കമ്മിറ്റിയുടെ വളണ്ടിയര്‍മാര്‍ക്ക് പുറമെ നൂറുകണക്കിന് പോലീസുകാരെയും ടൗണില്‍ വിന്യസിച്ചി രുന്നു.ദിവസേന മണ്‍മറഞ്ഞുപോയ പ്രമുഖരുടെ പേരില്‍ കുടുംബാംഗങ്ങളും, മക്കളും വിവിധ ദിവസങ്ങളിലായി നല്‍കിയ അന്നദാനം പതിനായിരത്തോളം കണക്കിന് ഭക്തജനങ്ങള്‍ക്ക് ആശ്വാസമായി.

വേദമൂര്‍ത്തി ബ്രഹ്‌മശ്രീ ദേലംമ്പാടി ഗണേശ തന്ത്രിയുടെ കാര്‍മികത്വത്തിലാണ് ദിവസേന ക്ഷേത്ര സന്നിധിയില്‍ പരിപാടികള്‍ നടന്നുവരുന്നത്.ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ നേതൃത്വം നല്‍കിവരുന്നു.

ഇന്ന് രാത്രിയോടെ ആറു ദിവസമായി നീണ്ടുനിന്ന ക്ഷേത്രോത്സവത്തിന് സമാപനമാകും. ഇന്ന് നാട്ടുകാരുടെ വകയാണ് അന്നദാനം. അന്നദാനത്തിനുശേഷം 6.30ന് ദീപാരാധന.7.30 വരെ ഭജന.7.30ന് മഹാപൂജ, ശ്രീഭൂതബലിയോടെ സമാപനം.

ഫോട്ടോ:കുമ്പള കണി പുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവത്തിലെ ഭക്തജന തിരക്ക്.

Scroll to Top