കത്തിക്കയറാന്‍ സഞ്ജു, ടി20യിലും മിന്നിക്കാന്‍ കിവീസ്; നാഗ്പുരില്‍ തീപാറും പോരാട്ടം

നാഗ്പുര്‍: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലേക്കുള്ള
പരീക്ഷണശാലയിലേക്കാണ് ഇന്ത്യ ഇറങ്ങുന്നത്. ന്യൂസീലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ലോകകപ്പിന് മുന്നോടിയായി ഇന്ത്യ സാധ്യമായ പരീക്ഷണങ്ങളെല്ലാം നടത്തുമെന്നുറപ്പ്. ഇന്ത്യ-ന്യൂസീലന്‍ഡ് ആദ്യ ടി-20 മത്സരം ബുധനാഴ്ച രാത്രി ഏഴ് മണിക്ക് നാഗ്പുരില്‍ നടക്കും

ഫെബ്രുവരി ഏഴ് മുതലാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായി ലോകകപ്പ് നടക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പരമ്പരയില്‍ കളിക്കുന്ന ടീമിനെത്തന്നെയാണ് ലോകകപ്പിനും അണിനിരത്തുന്നത്. അതാണ് ടീം മാനേജ്‌മെന്റിന് പരീക്ഷണങ്ങള്‍ക്കുള്ള അവസരം തുറന്നിടുന്നത്. സൂര്യകുമാര്‍ യാദവിന് കീഴില്‍ ഇന്ത്യ ടി-20 പരമ്പരയില്‍ തോറ്റിട്ടില്ല. ഓസ്‌ട്രേലിയ. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ശ്രീലങ്ക തുടങ്ങിയ വമ്പന്മാരെയെല്ലാം വീഴ്ത്തിയിട്ടുമുണ്ട്. ന്യൂസീലന്‍ഡിനെതിരായ പരമ്പര നേടിയാല്‍ ഇന്ത്യക്ക് ആത്മവിശ്വാസത്തോടെ ലോകകപ്പിനിറങ്ങാം.

സഞ്ജുവിന് നിര്‍ണായകം
ശുഭ്മന്‍ ഗില്‍ ടീമിലില്ലാത്തതിനാല്‍ മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്നുറപ്പാണ്. അഭിഷേക് ശര്‍മയ്‌ക്കൊപ്പമാകും ഇന്നിങ്‌സ് ആരംഭിക്കുന്നത്. പരമ്പരയില്‍ തിളങ്ങിയാല്‍ സഞ്ജുവാകും ലോകകപ്പിലും ഓപ്പണ്‍ ചെയ്യുന്നത്. മിന്നുന്ന ഫോമിലുള്ള ഇഷാന്‍ കിഷനാണ് ബാക്കപ്പ് ഓപ്പണര്‍. സഞ്ജു-അഭിഷേക് കൂട്ടുകെട്ട് സമീപകാലത്ത് മികച്ച രീതിയില്‍ കളിച്ചിട്ടുണ്ട്.

തിലക് വര്‍മയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷന്‍ കളിക്കും. ലോകകപ്പ് ടീമിലുള്ള ഇഷനെ പരീക്ഷിക്കാനാണ് മാനേജ്മെന്റിന് താത്പര്യം. ഇതോടെ ശ്രേയസ്സ് അയ്യര്‍ പുറത്തിരിക്കും. തിലക് വര്‍മയ്ക്ക് പകരക്കാരനായി ആദ്യ മൂന്ന് മത്സരങ്ങള്‍ക്കാണ് അയ്യരെ ഉള്‍പ്പെടുത്തിട്ടുള്ളത്.

ഫിനിഷര്‍ റോളില്‍ ആരെ കളിപ്പിക്കുമെന്ന പ്രതിസന്ധി ടീമിനുണ്ട്. റിങ്കുസിങും ശിവം ദുബെയുമാണ് ഈ റോളിലുള്ളത്. ഓള്‍റൗണ്ട് മികവ് ദുബെക്ക് ഗുണം ചെയ്യും. ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നീ ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് സന്തുലിതാവസ്ഥ നല്‍കുന്നുണ്ട്.
ശക്തം കിവീസ്
ടി-20 സ്‌പെഷ്യലിസ്റ്റുകളുടെ സാന്നിധ്യമാണ് ന്യൂസീലന്‍ഡിന്റെ കരുത്ത്. ഫിന്‍ അലന്‍, ഡെവണ്‍ കോണ്‍വെ, ഗ്ലെന്‍ ഫിലിപ്സ്, ഡാരില്‍ മിച്ചല്‍, മാര്‍ക്ക് ചാപ്മാന്‍ എന്നിവര്‍ ബാറ്റിങ്ങില്‍ പ്രതീക്ഷയാണ്. മാറ്റ് ഹെന്‍ട്രി, ലോക്കി ഫെര്‍ഗൂസന്‍, ജെയിംസ് നീഷാം എന്നിവരാണ് ബൗളിങ്ങിലെ കരുത്ത്. രചിന്‍ രവീന്ദ്ര, ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ എന്നിവരുടെ ഓള്‍റൗണ്ട് മികവ് ടീമിന് ഗുണം ചെയ്യും.
പിച്ച് റിപ്പോര്‍ട്ട്
വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ പിച്ച് തുടക്കത്തില്‍ ബാറ്റര്‍മാര്‍ക്ക് അനുകൂലമാകും. കളി പുരോഗമിക്കുന്തോറും സ്പിന്നര്‍മാരെ സഹായിക്കും. ഇവിടത്തെ ഒന്നാമിന്നിങ്‌സിലെ ശരാശരി സ്‌കോര്‍ 160-നും 175-നുമിടയിലാണ്.

Scroll to Top