ചരക്ക് സേവനനികുതി വകുപ്പ് കച്ചവടക്കാരെ പീഡിപ്പിക്കുന്ന വിഭാഗമായി-കെ.സി. വേണുഗോപാല്‍

പാലക്കുന്ന് : ചരക്ക് സേവനനികുതി വകുപ്പ് (ജിഎസ്ടി) ചെറുകിട
കച്ചവടക്കാരെ പീഡിപ്പിക്കുന്ന വിഭാഗമായി മാറിയെന്ന് കെ.സി. വേണുഗോപാല്‍ എംപി ആരോപിച്ചു. നികുതിഘടന ഏകീകരിക്കുകയും ലളിതവത്കരിക്കുകയും സുതാര്യമാക്കുന്നതിനും പകരം ദ്രോഹിക്കുന്ന തലത്തിലേക്കാണ് വകുപ്പിന്റെ പോക്കെന്നും എംപി പറഞ്ഞു. ബേക്കല്‍ ഗേറ്റ് വേയില്‍ നടന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാനതല റീട്ടെയില്‍ കോണ്‍ക്ലേവ്-2.0 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇങ്ങോട്ട് സഹായിച്ചാല്‍ തിരിച്ചും സഹായിക്കുന്നവരാണ് വ്യാപരികളെന്ന് അധ്യക്ഷത വഹിച്ച കെവിവിഎസ് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി, കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ്, പി. കുഞ്ഞാവ് ഹാജി, കെ.വി. അബ്ദുള്‍ ഹമീദ്, എം.കെ. തോമസ് കുട്ടി, പി.സി. ജേക്കബ്, എ.ജെ. ഷാജഹാന്‍, ബാബു കോട്ടയില്‍, സണ്ണി പയ്യമ്പിള്ളില്‍, ബാപ്പു ഹാജി, വൈ. വിജയന്‍, സി. ധനേഷ് ചന്ദ്രന്‍, ജോജിന്‍ ടി. ജോയി, വി. സബില്‍ രാജ്, സലീം രാമനാട്ടുകര, എസ്. ദേവരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

റീട്ടെയില്‍ കോണ്‍ക്ലേവ് ഇന്ന് സമാപിക്കും
പാലക്കുന്ന് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ
അക്കാദമിക് വിഭാഗമായ വ്യാപാരി പഠന ഗവേഷണ കേന്ദ്രം (സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച്) സംഘടിപ്പിക്കുന്ന റിട്ടെയില്‍ കോണ്‍ക്ലേവ് -2 ബേക്കല്‍ ഗേറ്റ്വേ ഹോട്ടലില്‍ ബുധനാഴ്ച ഉച്ചയ്ക്ക് സമാപിക്കും. ചെറുകിട കച്ചവടക്കാരുടെ സുസ്ഥിരമായ വളര്‍ച്ചയും പുരോഗതിയും ഉറപ്പുവരുത്തുന്ന വിഷയങ്ങള്‍ കോണ്‍ക്ലേവില്‍ ചര്‍ച്ചചെയ്യുന്നുണ്ട്.

ബുധനാഴ്ച രാവിലെ 9.30 മുതല്‍ 11 വരെ ബെംഗളൂരു നിംസിലെ പ്രൊഫ. ദിലീപ് ജി. മേനോന്‍ ക്ലാസെടുക്കും. തുടര്‍ന്ന് ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. അജയ് ജോസ് ക്ലാസെടുക്കും. ചൊവ്വാഴ്ച വൈകുന്നേരം പുതിയ കാലത്തിനൊപ്പം എങ്ങിനെ നാം നവീകരിക്കപ്പെടണം, സാങ്കേതിക വിദ്യകള്‍ രൂപപ്പെടുത്തുന്ന ആശയക്കുഴപ്പം തുടങ്ങിയ വിഷയങ്ങളില്‍ ഡോ. ബിന്ദു കെ. നമ്പ്യാര്‍ ക്ലാസെടുത്തു. രാത്രിയില്‍ ഗാനമേളയും ഉണ്ടായിരുന്നു.
നേരത്തെ കെവിവിഎസ് തയ്യാറാക്കുന്ന സംഘാടനത്തിന്റെ ചരിത്രം എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രം കെ.സി. വേണുഗോപാല്‍ എംപി പ്രകാശനംചെയ്തുതു. സംസ്ഥാനത്തിന്റെ മുഴുവന്‍ ജില്ലകളില്‍നിന്നുമുള്ള 600ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

Scroll to Top