ഇഴഞ്ഞിഴഞ്ഞ് ബംബ്രാണ അണക്കെട്ട് നിര്‍മാണം

കുമ്പള : നൂറുകണക്കിന് കര്‍ഷകര്‍ക്ക് ജലലഭ്യതയും രണ്ടു
പഞ്ചായത്തുകള്‍ തമ്മിലുള്ള യാത്രാസൗകര്യത്തിനുമായി ഷിറിയ പുഴയില്‍ പണിയുന്ന ബംബ്രാണ അണക്കെട്ടിന്റെ നിര്‍മാണ പ്രവൃത്തികള്‍ ഇഴയുകയാണ്. കുമ്പള പഞ്ചായത്തിലെ ബംബ്രാണയിലാണ് അണക്കെട്ടിന്റെറെ പുനര്‍നിര്‍മാണം നടക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിത ബംബ്രാണ അണക്കെട്ട് പൂര്‍ണമായും തകര്‍ന്നിരുന്നു. അവിടെയാണ് 33 കോടി രൂപ ചെലവില്‍ അണക്കെട്ട് പുനര്‍നിര്‍മിക്കുന്നത്. യുഎല്‍സിസിക്കാണ് (ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി) നിര്‍മാണ ചുമതല. മൂന്നുവര്‍ഷം മുന്‍പ് തുടങ്ങിയ പ്രവൃത്തികളില്‍ കാര്യമായ പുരോഗതി കാണാനില്ലെന്നാണ് ഇരു പഞ്ചായത്തുകളിലേയും കര്‍ഷകര്‍ പറയുന്നത്.

രണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിക്കും

കുമ്പള പഞ്ചായത്തിനെയും മംഗല്‍പ്പാടി പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ബംബ്രാണ അണക്കെട്ടും അതോടൊപ്പം നിര്‍മിക്കുന്ന പാലവും. പാലത്തിന്റെ തൂണുകള്‍ നിര്‍മിച്ചുവെന്നല്ലാതെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികളൊന്നുമായിട്ടില്ല.
അണക്കെട്ടില്‍ നിന്നു കൃഷിയിടങ്ങളിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലുകളുടെ നിര്‍മാണവും പാതിവഴിയില്‍ തന്നെ.

അനുബന്ധ റോഡുകളും നിര്‍മിച്ചിട്ടില്ല
മംഗല്‍പ്പാടി പഞ്ചായത്തിലെ ഇച്ചിലങ്കോട്ടുനിന്നും, കുമ്പള പഞ്ചായത്തു പരിധിയിലെ ബംബ്രാണയില്‍നിന്ന് തുടങ്ങേണ്ടിയിരുന്ന അനുബന്ധ റോഡുകളുടെയും നിര്‍മാണം ആരംഭിച്ചിട്ടില്ല. രണ്ടു പഞ്ചായത്തുകളുടെ ഗതാഗതസൗകര്യത്തില്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ബംബ്രാണയില്‍ അണക്കെട്ടിനൊപ്പം നിര്‍മിക്കുന്ന പാലം. മലയോര ജനതയ്ക്ക് കുമ്പള നഗരത്തിലെത്താതെ ഇച്ചിലങ്കോടു വഴി ബന്തിയോടെത്താന്‍ ഇതു സഹായിക്കും.

കൃഷിയിടങ്ങളില്‍ ജലലഭ്യത
കൊടിയമ്മ, ബംബ്രാണ എന്നിവിടങ്ങളിലെ നൂറുകണക്കിന് ഏക്കര്‍ കൃഷിയിടങ്ങളിലും പ്രത്യേകിച്ച് നെല്‍വയലുകളിലും ചെറിയ കനാലുകള്‍ വഴി ജലലഭ്യത ഉറപ്പുവരുത്താന്‍ കഴിയും. പ്രദേശങ്ങളിലെ ജലവിതാനം താഴാതെ സംരക്ഷിക്കുന്നതോടൊപ്പം കുടിവെള്ള പ്രശ്നത്തിനു പരിഹാരം കാണാനാവും.
ഉപ്പുവെള്ളം കയറുന്നത് തടയും
ഷിറിയ പുഴയില്‍നിന്ന് കൃഷിയിടങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാനാകും. ഉപ്പുവെള്ളം കയറി വര്‍ഷങ്ങളായി ഒട്ടേറെ കൃഷിയാണ് ഇവിടെ നശിച്ചുകൊണ്ടിരിക്കുന്നത്. ഇതു കാരണം നിരവധി കര്‍ഷകര്‍ കൃഷിതന്നെ ഉപേക്ഷിച്ചു. എത്രയും പെട്ടെന്ന് അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് പ്രദേശത്തെ ജനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

Scroll to Top