ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ട്രോഫി:മൊഗ്രാലില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാവും.

മൊഗ്രാല്‍.ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതി മൊഗ്രാല്‍ സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ത്രിദിന ഫ്‌ലഡ് ലൈറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് തുടക്കമാവും.ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിലുള്ള ടീമില്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് താരമായ ദില്‍ഷാദ്(ചിച്ചു) ഇടം തേടിയതിലുള്ള ആവേശത്തിനിടെയാണ് ഫുട്‌ബോള്‍ മാമാങ്കമെന്നത് ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാ ക്കിയിട്ടുണ്ട്.ഉദ്ഘാടന ചടങ്ങില്‍ ഉമ്മന്‍ചാണ്ടിയുടെ പുത്രന്‍ ചാണ്ടി ഉമ്മനും, പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും, കായിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കുന്നുണ്ട്.8 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ പ്രഗല്‍ഭരായ താരങ്ങളെ അണിനിരത്തിയാവും ഓരോ ടീമും കളത്തിലിറങ്ങുക.

പ്രിയദര്‍ശിനി ഒഴിഞ്ഞിവളപ്പ്,മൊഗ്രാല്‍ ബ്രദേഴ്‌സ്,സിറ്റിസണ്‍ ഉപ്പള,യങ് ചാലഞ്ചേഴ്‌സ് കുന്നില്‍,ഗ്രീന്‍ സ്റ്റാര്‍ കടങ്കോട്,വിഗാന്‍സ് മൊഗ്രാല്‍പുത്തൂര്‍,ടീം യൂണിക് ജാലിസ് മേല്‍പ്പറമ്പ്,ഡിഡിപി ഫ്രയ്റ്റ് അസ്ട്രലേഴ്സ് എഫ് സി എന്നീ ടീമുകളാണ് മാറ്റുരക്കുന്നത്.

ഇന്ന് വൈകുന്നേരം ഏഴുമണിക്ക് ഉദ്ഘാടനം മത്സരത്തില്‍ പ്രിയദര്‍ശിനി ഒളിഞ്ഞിവളപ്പ്, മൊഗ്രാല്‍ ബ്രദേഴ്‌സിനെ നേരിടും.രാത്രി 8 മണിക്കുള്ള രണ്ടാം മത്സരത്തില്‍ സിറ്റിസണ്‍ ഉപ്പള,യങ് ചലഞ്ചേഴ്‌സ് കുന്നിലിനെ നേരിടും. ഇവരില്‍നിന്ന് വിജയിക്കുന്ന ടീമുകള്‍ രാത്രി 9 മണിക്ക് ആദ്യ സെമി ഫൈനലില്‍ ഏറ്റുമുട്ടും.

രണ്ടാം ദിവസമായ നാളെ ഏഴുമണിക്ക് ഗ്രീന്‍ സ്റ്റാര്‍ കടങ്കോട്, വിഗാന്‍സ് മൊഗ്രാല്‍ പുത്തൂരിനെ നേരിടും. എട്ടു മണിക്കുള്ള രണ്ടാം മത്സരത്തില്‍ ടീം യൂണിക് ജാലിസ് മേല്‍പ്പറമ്പ്,ഡിഡിപി ഫ്രൈറ്റ് അസ്ട്രലേഴ്സ് എഫ്‌സിയെ നേരിടും. 24-ആം തീയതി രാത്രി എട്ടുമണിക്കാണ് ഫൈനല്‍ മത്സരം.

ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതി മൊഗ്രാല്‍ യൂണിറ്റ് ചെയര്‍മാന്‍ നാസര്‍ മൊഗ്രാല്‍,കണ്‍വീനര്‍ ഷക്കീല്‍-അബ്ദുള്ള, ട്രഷറര്‍ അന്‍വര്‍ അഹമ്മദ് എസ് എന്നിവര്‍ അറിയിച്ചു.

ഫോട്ടോ:ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ട്രോഫിക്ക് വേണ്ടിയുള്ള ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടക്കുന്ന മൊഗ്രാല്‍ സ്‌കൂള്‍ മൈതാനം.

Scroll to Top