Friday, September 13, 2024
Home National നരഭോജി ചെന്നായയെ പിടിച്ചുകെട്ടാനായില്ല; കൊല്ലപ്പെട്ടത് 9 പേര്‍, 5 വയസുകാരിയ്ക്കുനേരെയും ആക്രമണം

നരഭോജി ചെന്നായയെ പിടിച്ചുകെട്ടാനായില്ല; കൊല്ലപ്പെട്ടത് 9 പേര്‍, 5 വയസുകാരിയ്ക്കുനേരെയും ആക്രമണം

by KCN CHANNEL
0 comment

ലക്‌നൗ: യുപിയില്‍ വീണ്ടും നരഭോജി ചെന്നായ ആക്രമണത്തില്‍ 5 വയസ്സുകാരിയ്ക്ക് പരിക്ക്. ഇന്നലെ രാത്രിയാണ് ചെന്നായ പെണ്‍കുട്ടിയെ ആക്രമിച്ചത്. ബഹ്‌റയിച്ചി മേഖലയിലാണ് സംഭവം. ഉറങ്ങാന്‍ കിടന്ന കുഞ്ഞിനെ ചെന്നായ ആക്രമിക്കുകയായിരുന്നു. ഒന്നര മാസത്തിനിടയില്‍ പ്രദേശത്ത് ചെന്നായ ആക്രമണത്തില്‍ 8 കുട്ടികളടക്കം 9 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം, നരഭോജി ചെന്നായക്കായുള്ള വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള ചെന്നായ വേട്ട തുടരുകയാണ്.

ഏഴ് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ 9 പേരാണ് ഉത്തര്‍പ്രദേശിലെ ബഹ്‌റയിച്ചില്‍ നരഭോജി ചെന്നായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആറ് ചെന്നായകളുടെ കൂട്ടത്തില്‍ നാലെണ്ണത്തിനെ ഇതിനോടകം പിടികൂടാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് ചെന്നായകള്‍ നാട്ടുകാര്‍ക്ക് ഭീഷണിയുയര്‍ത്തി ഇപ്പോഴും നാട്ടിലുണ്ട്. ഇവയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാവുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.

അവശേഷിക്കുന്ന ചെന്നായകളെ പിടികൂടാന്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കെണികളൊരുക്കിയ ശേഷം വലിയ പാവകളുണ്ടാക്കി അതില്‍ കുട്ടികളുടെ മൂത്രം തളിച്ച് അവിടേക്ക് ചെന്നായകളെ ആകര്‍ഷിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ‘ചെന്നായകള്‍ കുട്ടികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നതു കൊണ്ട് വലിയ പാവകളെ വര്‍ണാഭമായ വസ്ത്രം ധരിപ്പിച്ച ശേഷം അവയില്‍ കുട്ടികളുടെ മൂത്രം തളിച്ച്, മനുഷ്യന്റേതിന് സമാനമായ ഗന്ധം ഉണ്ടാക്കുകയാണ്. ചെന്നായകളെ കെണികള്‍ക്ക് സമീപത്തേക്ക് ആകര്‍ഷിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് കരുതുന്നു’ – ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത് പ്രതാപ് സിങ് പറഞ്ഞു.

തെര്‍മല്‍ ഡ്രോണുകള്‍ ഉപയോഗിച്ചും ചെന്നായകളെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. ശേഷം പടക്കം പൊട്ടിച്ചും മറ്റും ഇവയെ കെണികള്‍ ഒരുക്കിയിരിക്കുന്ന പ്രദേശങ്ങളിലേക്ക് ആകര്‍ഷിക്കാനാണ് നീക്കം. ആനപ്പിണ്ടം പല സ്ഥലങ്ങളിലായി കൊണ്ടിട്ട് ചെന്നായകളെ ജനവാസ മേഖലകളില്‍ നിന്ന് അകറ്റാനും ശ്രമമുണ്ട്. ആനകളെ പോലുള്ള വലിയ മൃഗങ്ങളുള്ള സ്ഥലങ്ങളിലേക്ക് സാധാരണ ചെന്നായകള്‍ സഞ്ചരിക്കാറില്ലെന്ന സാധ്യത ഉപയോഗപ്പെടുത്തിയാണിത്. അധികം വൈകാതെ തന്നെ അവശേഷിക്കുന്ന രണ്ട് ചെന്നായകളെ കൂടി പിടികൂടാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഉദ്യോഗസ്ഥരുടെ സംഘം നീങ്ങുന്നത്.

You may also like

Leave a Comment