കാസര്‍ഗോഡ് : ചരിത്രത്തിലാദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എല്‍ഡിഎഫ് സര്‍ക്കാരും വിവിധവിഷയങ്ങളില്‍ അകപ്പെട്ട് വലിയ പ്രതിസന്ധി നേരിടുകയാണെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുള്ളകുട്ടി പറഞ്ഞു. ബിജെപി കാസര്‍ഗോഡ് ജില്ലാ തല അംഗത്വ വിതരണ ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മും കോണ്‍ഗ്രസും വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. അംഗങ്ങള്‍ കൊഴിഞ്ഞ് കൊണ്ടിരിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഗ്രാമത്തില്‍ പോലും പാര്‍ട്ടി യോഗം മാറ്റി വെക്കേണ്ടി വന്നിരിക്കുന്നു. അതേസമയം യുവാക്കളും സ്ത്രീകളും നരേന്ദ്ര മോദി സര്‍ക്കാരിലും ബിജെപിയിലും കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്നു. അതിന്റെ തെളിവാണ് ബിജെപി അംഗത്വത്തില്‍ ഉണ്ടായിട്ടുള്ള അഭൂതപൂര്‍വ്വമായ വര്‍ദ്ധനവ്.
സ്വര്‍ണ്ണക്കടത്ത്, സ്വര്‍ണ്ണം പൊട്ടിക്കല്‍, മരം മുറിക്കല്‍, ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപാതകം നടത്തല്‍ എന്നീ ഗുരുതരമായ ആരോപണങ്ങളാണ് ഭരണകക്ഷിയുടെ തന്നെ എംഎല്‍എ ആഭ്യന്തരവകുപ്പിന് നേരെ ഉയര്‍ത്തി വിട്ടിരിക്കുന്നത്. കവടിയാര്‍ കൊട്ടാരത്തിന് സമീപം പൊലീസ് എഡിജിപി വലിയ കൊട്ടാരം പണിയുകയാണെന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുന്നു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ഇതൊക്കെയും നടക്കുന്നതെന്ന തിരിച്ചറിവ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാധാരണ അംഗങ്ങളില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിട്ടുള്ളത്. സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ ബിജെപിക്കുണ്ടായ വലിയ വോട്ട് വര്‍ദ്ധന സിപിഎം അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ പ്രത്യക്ഷതെളിവാണെന്നും ഇത്തരം കേന്ദ്രങ്ങളില്‍ ബിജെപി അംഗത്വവിതരണം ശക്തിപ്പെടുത്തണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് എം. വിശാലിന് അംഗത്വം നല്‍കി കൊണ്ട് ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം എപി അബ്ദുള്ളക്കുട്ടി നിര്‍വ്വഹിച്ചു. ഫൈസല്‍, മഞ്ജുനാഥ ഷെട്ടി, സന്ദീപ് റൈ എന്നിവര്‍ക്കും അംഗത്വം നല്‍കി.
ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍, സതീഷ് ചന്ദ്ര ഭണ്ഡാരി, കെകെ നാരായണന്‍, അഡ്വ. മനോജ് കുമാര്‍, മനുലാല്‍ മേലത്ത് എന്നിവര്‍ സംസാരിച്ചു.