മൊഗ്രാല്‍. കാല്‍പന്തുകളിക്ക് പിന്നാലെ ഇശല്‍ ഗ്രാമത്തില്‍ ഇശല്‍ തേന്‍മഴ പെയ്തിറങ്ങാന്‍ ഇനി മൂന്ന് ദിവസം മാത്രം.കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകല അക്കാദമി,ഇശല്‍ ഗ്രാമം ട്രസ്റ്റ്-സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് മൊഗ്രാല്‍,പുരോഗമന കലാസാഹിത്യ സംഘം കാസര്‍ഗോഡ് എന്നിവയുടെ സഹകരണത്തോടെ മൊഗ്രാലിലെ ഇശല്‍ ചക്രവര്‍ത്തി നടത്തോപ്പില്‍ അബ്ദുള്ള രചിച്ച ‘പക്ഷിപ്പാട്ടിന്റെ നൂറാം വാര്‍ഷികം” വൈവിധ്യമാര്‍ന്ന പരിപാടികളോടെ കാസര്‍ഗോഡ് വെച്ചും,ഇശല്‍ ഗ്രാമത്തിലുമായി 2026 ജനുവരി 31ന് ശനിയാഴ്ചയാണ് സംഘടിപ്പിക്കുന്നത്. ഇതിനായുള്ള വന്‍ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.
പരിപാടിയുമായി ബന്ധപ്പെട്ട് സാഹിത്യ സെമിനാര്‍, സാംസ്‌കാരിക സമ്മേളനം,മാപ്പിള കലകളുടെ അവതരണം, കലാകാരന്മാര്‍ക്ക് ആദരം,കലാസന്ധ്യ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. 31ന് രാവിലെ 10 മണിക്ക് കാസര്‍ഗോഡ് മുന്‍സിപ്പല്‍ വനിതാ ഭവനില്‍ സാഹിത്യ സെമിനാര്‍ സംഘടിപ്പിക്കും.തുടര്‍ന്ന് വൈകുന്നേരം 5 മണിക്ക് മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ കലാസാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.
31ന് രാവിലെ കാസറഗോഡ് മുനിസിപ്പല്‍ വനിതാ ഭവനില്‍ നടക്കുന്ന ‘നൂറ്റാണ്ട് പിന്നിട്ട പക്ഷിപ്പാട്ട്”എന്ന വിഷയത്തില്‍ സാഹിത്യ സെമിനാര്‍ കാസറഗോഡ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിനാ-സലീം ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയര്‍മാന്‍ ഹുസൈന്‍ രണ്ടത്താണി അധ്യക്ഷത വഹിക്കും. അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ ആമുഖപ്രഭാഷണം നടത്തും.രവീന്ദ്രന്‍ കൊടക്കാട് സ്വാഗതം അരുളും.
സാഹിത്യ സെമിനാറില്‍ വിവിധ വിഷയങ്ങളിലായി പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഫൈസല്‍ കമ്മനം ‘പക്ഷിപ്പാട്ടിന്റെ നടുത്തോപ്പില്‍” എന്ന വിഷയത്തിലും, ‘മാപ്പിളപ്പാട്ടുകളും മലബാറിന്റെ ദൈനംദിന ചരിത്രവും”എന്ന വിഷയത്തില്‍ ഡോ:പി പി അബ്ദുല്‍ റസ്സാഖ്,’അക്ബര്‍ സദഖയുടെ സംശയത്തിന്റെ ചരിത്രം”എന്ന വിഷയത്തില്‍ ഡോ: അഭിലാഷ് മലയിലും, ‘മാപ്പിളപ്പാട്ടിന്റെ പെണ്‍ വര്‍ത്തമാനങ്ങള്‍”എന്ന വിഷയത്തില്‍ ഡോ:ഷീനാ- ഷുക്കൂറും,’വടക്കേ മലബാര്‍ മാപ്പിളപ്പാട്ടുകളിലെ പ്രാദേശിക സംസ്‌കൃതിയുടെ അടയാളപ്പെടുത്തലുകള്‍”എന്ന വിഷയത്തില്‍ ഡോ:ഫാത്തിമത്ത് റംഷീല സി എച്ച്,ഡോ: ഷംഷാദ് ഹുസൈന്‍ കെ ടി,മാധ്യമപ്രവര്‍ത്തകന്‍ ടി എ ഷാഫി എന്നിവര്‍ സംസാരിക്കും. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കെ എച്ച് മുഹമ്മദ് നന്ദി പറയും.
അന്നേദിവസം വൈകുന്നേരം അഞ്ചുമണിക്ക് മൊ ഗ്രാല്‍ ജിവിഎച്ച്എസ്എസ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സി എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാനും,കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ വി പി അബ്ദുല്‍ഖാദര്‍ ഹാജി അധ്യക്ഷത വഹിക്കും.വര്‍ക്കിംഗ് ചെയര്‍മാന്‍ കെഎം മുഹമ്മദ് സ്വാഗതം പറയും.അക്കാദമിയെ കുറിച്ച് സെക്രട്ടറി ബഷീര്‍ ചുങ്കത്തറ,ജോ: സെക്രട്ടറി ഫൈസല്‍ എളേറ്റില്‍ എന്നിവര്‍ സംസാരിക്കും.പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,പക്കര്‍ പുന്നൂര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സെഡ് എ മൊഗ്രാല്‍,സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍,ടി എ ഷാഫി,എ എം സിദ്ധീഖ് റഹ്‌മാന്‍,എം എ മൂസ,കബീര്‍ ബി കെ,താജുദ്ദീന്‍ മൊഗ്രാല്‍,അബ്ദുള്ള താജ്,എം പി അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ പരിപാടിക്ക് ആശംസകള്‍ നേരും. തുടര്‍ന്ന് കലാകാരന്മാരെ ആദരിക്കും.ഇശല്‍ ഗ്രാമം ട്രസ്റ്റ്-സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് ചെയര്‍മാന്‍ ബഷീര്‍ അഹമ്മദ് സിദ്ദീഖ് നന്ദി പറയും.
തുടര്‍ന്ന് നടക്കുന്ന കലാസന്ധ്യ അക്കാദമി വൈസ് ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരലി ഉദ്ഘാടനം ചെയ്യും.വിവിധ മേഖലകളില്‍ അവതരണം കൊണ്ട് ശ്രദ്ധേയമായ മാപ്പിള കലകളായ ഒപ്പന, അര്‍പ്പനമുട്ട്,വട്ടപ്പാട്ട് തുടങ്ങിയവ അരങ്ങേറും. തുടര്‍ന്ന് കലാകാരന്മാര്‍ അണിനിരക്കുന്ന മാപ്പിളപ്പാട്ടുകള്‍ അരങ്ങേറും.
ഫോട്ടോ:മാപ്പിളപ്പാട്ടിനെ വരവേല്‍ക്കാനൊരുങ്ങി മൊഗ്രാലിലെ സംഘാടകരും, കലാകാരന്മാരും.




