‘ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ അത്ര ബുദ്ധിമുട്ടുള്ള തീരുമാനമല്ല’;വിരമിക്കല്‍ പദ്ധതികള്‍ തുറന്നുപറഞ്ഞ് രാഹുല്‍

‘ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ അത്ര ബുദ്ധിമുട്ടുള്ള തീരുമാനമല്ല’;വിരമിക്കല്‍ പദ്ധതികള്‍ തുറന്നുപറഞ്ഞ് രാഹുല്‍

ക്രിക്കറ്റില്‍ നിന്ന് വിരമിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള തീരുമാനമല്ലെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണുമായി നടത്തിയ സംഭാഷണത്തില്‍ കെഎല്‍ രാഹുല്‍. തന്റെ ഭാവി പദ്ധതികളെക്കുറിച്ച് സംസാരിക്കവെയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു പ്രധാന മുഖമോ, ഘടകമോ ആയെന്ന് കരുതുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘എന്തൊക്കെ സംഭവിച്ചാലും നമ്മുടെ രാജ്യത്ത് ക്രിക്കറ്റ് മുന്നോട്ട് തന്നെ പോകും, പ്രധാനപ്പെട്ട പല കാര്യങ്ങളും ജീവിതത്തിലുണ്ട്. ഈ മനോഭാവം എല്ലാ കാലത്തും എനിക്കുണ്ടായിരുന്നു. കുഞ്ഞിന്റെ ജനനത്തിന് ശേഷം ജീവിതത്തെ നോക്കിക്കാണുന്നതില്‍ വലിയ വ്യത്യാസങ്ങള്‍ സംഭവിച്ചു. ക്രിക്കറ്റിനപ്പുറത്തും ഒരു ജീവിതമുണ്ട്. വിരമിക്കാന്‍ സമയമാകുമ്പോള്‍ അത് നീട്ടിക്കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല’; രാഹുല്‍ വ്യക്തമാക്കി.

‘എനിക്ക് നിരന്തരം പരുക്കുകള്‍ പറ്റിയ സമയങ്ങളായിരുന്നു ജിവിതത്തിലെ ഏറ്റവും കഠിനമായ കാലഘട്ടം. തുടരെ തുടരെ പരുക്കുകള്‍ പറ്റുമ്പോള്‍ കരിയര്‍ അവസാനിപ്പിക്കാം എന്ന് വരെ ചിന്തിപ്പിക്കും.’ പരുക്കുമൂലം താന്‍ കരിയറില്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് രാഹുല്‍ തുറന്നു പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലായിരുന്നു രാഹുല്‍ ഇന്ത്യയ്ക്കായി ഏറ്റവും ഒടുവില്‍ കളിച്ചത്. അന്ന് രാജ്‌കോട്ടില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തില്‍ പുറത്താകാതെ സെഞ്ച്വറി (112*) നേടിയ താരം തന്റെ മൂല്യം ആ റണ്‍വേട്ടയിലൂടെ വിളിച്ചുപറഞ്ഞിരുന്നു. ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ താരം ഇടംനേടിയിട്ടില്ലെങ്കിലും, ടെസ്റ്റുകളിലും ഏകദിനങ്ങളിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഏറെ പ്രധാനമാണ്. 67 ടെസ്റ്റുകളില്‍ നിന്ന് 4,053 റണ്‍സും, ടി20യില്‍ നിന്ന് 2,265 റണ്‍സും, 94 ഏകദിനങ്ങളില്‍ നിന്ന് 3,360 റണ്‍സുമാണ് രാഹുലിന്റെ അക്കൗണ്ടിലുള്ളത്.

Scroll to Top