ഒറ്റ?ഗോളില്‍ ഒഡീഷയെ വീഴ്ത്തി; സന്തോഷ് ട്രോഫിയില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളം
സന്തോഷ് ട്രോഫിയില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളം. ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ഒഡീഷയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം പരാജയപ്പെടുത്തിയത്. സോളോ ഗോളിലൂടെ വിസ്മയിപ്പിച്ച ഷിജിന്‍ ടി ആണ് കേരളത്തിന്റെ വിജയശില്‍പ്പി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയിന്റുമായി കേരളം ഗ്രൂപ്പില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു.
അസമിലെ ധക്കുവഖാന ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 22-ാം മിനിറ്റിലായിരുന്നു കേരളത്തിന്റെ വിജയഗോള്‍ പിറന്നത്. മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് പന്തുമായി കുതിച്ച ഷിജിന്‍ രണ്ട് ഒഡീഷ പ്രതിരോധ താരങ്ങളെ അതിമനോഹരമായി വെട്ടിച്ച് ബോക്‌സിനുള്ളിലേക്ക് കടന്ന് പന്ത് വലയിലാക്കുകയായിരുന്നു. ഷിജിന്റെ വ്യക്തിഗത മികവ് തെളിഞ്ഞ ഈ ഗോള്‍ സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി.
ആദ്യ പകുതിയില്‍ ലഭിച്ച ലീഡ് നിലനിര്‍ത്താന്‍ രണ്ടാം പകുതിയില്‍ കേരളം ശക്തമായ പ്രതിരോധമാണ് കാഴ്ചവെച്ചത്. സമനിലയ്ക്കായി ഒഡീഷ കിണഞ്ഞു പരിശ്രമിച്ചെങ്കിലും കേരളത്തിന്റെ ഗോള്‍കീപ്പര്‍ ഹജ്മലും പ്രതിരോധ നിരയും ഉറച്ചുനിന്നതോടെ അവരുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഇടയ്ക്ക് ലഭിച്ച പ്രത്യാക്രമണങ്ങളിലൂടെ ലീഡ് ഉയര്‍ത്താന്‍ കേരളത്തിന് അവസരങ്ങള്‍ ലഭിച്ചെങ്കിലും കൂടുതല്‍ ഗോളുകള്‍ പിറന്നില്ല.
ആദ്യ മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിക്കുകയും രണ്ടാം മത്സരത്തില്‍ റെയില്‍വേസിനോട് സമനില വഴങ്ങുകയും ചെയ്ത കേരളത്തിന് സെമി ഫൈനല്‍ സാധ്യതകള്‍ സജീവമാക്കാന്‍ ഈ വിജയം അത്യന്താപേക്ഷിതമായിരുന്നു. മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ തോല്‍വി അറിയാതെ കുതിക്കുന്ന കേരളത്തിന്റെ അടുത്ത പോരാട്ടം മേഘാലയയ്‌ക്കെതിരെയാണ്.




