മലപ്പുറത്തെ ജനങ്ങളും പോലീസും കൊള്ളരുതാത്തവര്‍ ആണെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് പി എം എ സലാം.
മലപ്പുറം: ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരിലെ കൂട്ട സ്ഥലംമാറ്റത്തിനെതിരെ മുസ്ലിം ലീഗ് രംഗത്ത്. കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് എല്ലാവരെയും സ്ഥലം മാറ്റിയതെന്നു ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഈ നടപടിയിലൂടെ തെറ്റായ സന്ദേശമാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. മലപ്പുറത്തെ ജനങ്ങളും പൊലീസും കൊള്ളരുതാത്തവര്‍ ആണെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതാണ് ആര്‍.എസ്.എസ് ആഗ്രഹിക്കുന്നതും. എന്നിട്ടും എഡിജിപിക്കെതിരെ നടപടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒന്നുകില്‍ ആശാന്റെ നെഞ്ചത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്നാണ് സര്‍ക്കാര്‍ നിലപാട്. എഡിജിപിയെ എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഭയപ്പെടുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്ക് മറുപടി ഇല്ല. പഴകിപ്പുളിച്ച ആരോപണങ്ങള്‍ ഉയര്‍ത്തി വിഷയത്തെ വഴി തിരിച്ചു വിടാനാണ് മുഖ്യമന്ത്രി ഇന്നലെ ശ്രമിച്ചത്. തന്റെ നിര്‍ദേശ പ്രകാരമാണ് എഡിജിപി ആര്‍ എസ്എസ് നേതാക്കളെ കണ്ടത് എന്നതിനാലാണ് ആ വിഷയം പരാമര്‍ശിക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു
ആര്‍എസ്എസ് കൂടിക്കാഴ്ച്ചയുടെ ഫലമാണ് തൃശൂര്‍ ലോക്‌സഭ റിസള്‍ട്ടും മാസപ്പടി വിവാദം പിന്നോട്ട് പോയതും. സിപിഐ നേരത്തെയും മികച്ച നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണ്. യുഡിഎഫിലേക്ക് വരണോ എന്നതൊക്കെ സിപിഐ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.