Advertisement

നഗരസഭാ സ്റ്റേഡിയം സിന്തറ്റിക് സ്റ്റേഡിയമാക്കി മാറ്റണമെന്ന്ജില്ലാ സോഫ്റ്റ്ബോള്‍ അസോസിയേഷന്‍

By kcnchannel / October 5, 2026

കാസര്‍കോട് : ജില്ലാ ആസ്ഥാനത്ത് ഒരു സിന്തറ്റിക്ക് സ്റ്റേഡിയമില്ലാത്തതാണ് കാസര്‍കോട്ടെ കായിക മേഖലയിലെ പരിതാപകരമായ അവസ്ഥക്ക് കാരണമെന്ന് ജില്ലാ സോഫ്റ്റ്ബോള്‍ അസോസിയേഷന്‍
ജനറല്‍ ബോഡി യോഗം. തൃക്കരിപ്പൂരും, നിലേശ്വരവും മികച്ച നിലവാരമുള്ള സിന്തറ്റിക്ക് സ്റ്റേഡിയമുള്ളപ്പോള്‍ ജില്ലാ ആസ്ഥാനമായ കാസര്‍കോട് ഇന്നും അവഗണിക്കപ്പെടുകയാണ്.

വിദ്യാനഗറില്‍ നഗരസഭക്ക് കീഴിലുള്ള സ്റ്റേഡിയം സിന്തറ്റിക്ക് സ്റ്റേഡിയമാക്കിമാറ്റണമെന്ന് കായിക സംഘടനകള്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. കാസര്‍കോടിന്റെ കായികപരമായ മുന്നേറ്റത്തിന് മുനിസിപ്പല്‍ സ്റ്റേഡിയം സിന്തറ്റിക്ക് സ്റ്റേഡിയമാക്കി മാറ്റണമെന്ന് ജില്ലാ സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി മുഖേന കായിക മന്ത്രിക്ക് നിവേദനം നല്‍കും.

യോഗം കേരള സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് സി.എല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ.എം ബല്ലാള്‍ അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഷാഫി എ.നെല്ലിക്കുന്ന്, കെ.റിജിത് കുമാര്‍, കെ.കൃപേഷ്, ജാവി എരിയാല്‍, വികില്‍ ദാസ്, സി.കെ അബ്ദുല്ല ചെര്‍ക്കള, ഡോ.സി.ടി മുസ്തഫ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അശോകന്‍ ധര്‍മത്തടുക്ക സ്വാഗതം പറഞ്ഞു.

ഭാരവാഹികള്‍ : ഷാഫി എ.നെല്ലിക്കുന്ന് (പ്രസിഡണ്ട്) സി.കെ അബ്ദുല്ല ചെര്‍ക്കള, ശ്വേത ഉദയന്‍, ജാവി എരിയാല്‍ (വൈസ് പ്രസിഡണ്ടുമാര്‍) അശോകന്‍ ധര്‍മ്മത്തടുക്ക (സെക്രട്ടറി) ഡോ.സി.ടി മുസ്തഫ, സവിന്‍ (ജോ.സെക്രട്ടറിമാര്‍) കെ.റിജിത് കുമാര്‍ (ട്രഷറര്‍) വികില്‍ദാസ് (സി.ഇ.ഒ)