നൂറ്റാണ്ട് പ്രഭയില്‍ സമസ്ത, സമ്മേളനം ഗിന്നസ്ബുക്കിലേക്ക്: പിണറായി, സ്റ്റാലിന്‍, സിദ്ധരാമയ്യ പങ്കെടുക്കും

കുണിയ (കാസര്‍കോട്): കുണിയയില്‍ സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന് വിപുലമായ ഒരുക്കം. മൂന്നുദിവസത്തെ പ്രതിനിധി ക്യാമ്പില്‍ 33,313 പേര്‍ മുഴുവന്‍സമയവും പങ്കെടുക്കും. ഇതോടെ ഏറ്റവും കൂടുതലാളുകള്‍ താമസിച്ച് പങ്കെടുക്കുന്ന ക്യാമ്പെന്ന ഗിന്നസ് റെക്കോഡ് ഇത് നേടും. ഗ്ലോബല്‍ എക്‌സ്‌പോ, ഗ്ലോബല്‍ ഉലമാ കോണ്‍ക്ലേവ്, നാഷണല്‍ എജ്യു കോണ്‍ക്ലേവ്, പൊതുസമ്മേളനം തുടങ്ങിയവ അഞ്ച് സ്ഥലങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ വേദികളിലാണ് നടക്കുക.

രണ്ടിന് വൈകിട്ട് നാലിന് കോഴിക്കോട് വരക്കല്‍ മഖാമില്‍ സിയാറത്തിന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് കൊണ്ടുവരുന്ന പതാകകള്‍ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ ഏറ്റുവാങ്ങും. മൂന്നിന് വരക്കലില്‍നിന്ന് പതാകകള്‍ കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ മഖാമിലേക്ക് എത്തിക്കും. വൈകിട്ട് അഞ്ചിന് പതാകാവാഹക യാത്രയ്ക്ക് തളങ്കര മാലിക് ദീനാര്‍ മഖാമില്‍ സ്വീകരണവും സിയാറത്തും നടക്കും.

നാലിന് 2.30-ന് തളങ്കരയില്‍നിന്ന് സമ്മേളന നഗരിയിലേക്ക് പതാകകളുമായി ഘോഷയാത്രയും വൊളന്റിയര്‍ റൂട്ട് മാര്‍ച്ചും നടക്കും. തുടര്‍ന്ന് സമ്മേളനനഗരിയില്‍ സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. ശേഷം സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും സാദാത്തീങ്ങളും പോഷകസംഘടനാ നേതാക്കളും ചേര്‍ന്ന് 99 പതാകകളും ഉയര്‍ത്തും.
വൈകിട്ട് നാലിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ശതാബ്ദിസ്മാരക ഗ്രന്ഥം പ്രകാശനം ചെയ്യും. കുണിയ ഗ്രൂപ്പ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയ പുസ്തകം സ്വീകരിക്കും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍സെക്രട്ടറി എം.ടി.അബ്ദുള്ള മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.

അഞ്ചിന് വേദി ഒന്നില്‍ 10,000 പ്രതിനിധികള്‍ പങ്കെടുക്കുന്ന ക്യാമ്പും ഉച്ചകഴിഞ്ഞ് വേദി രണ്ടില്‍ നേതൃസംഗമവും നടക്കും. വൈകിട്ട് നടക്കുന്ന ആത്മീയസംഗമം പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആറിന് ഉച്ചയ്ക്ക് 2.30-ന് ജന്‍സി അസംബ്ലി മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് മീഡിയ സെമിനാറും ഒന്‍പതിന് കാമ്പസ് കോണ്‍ക്ലേവും നടക്കും.
ആദര്‍ശം, വിശുദ്ധി, നൂറ്റാണ്ടുകള്‍ എന്നീ വിഷയങ്ങളെ അധികരിച്ച് 16 പഠനവിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നടത്തുന്ന 33,313 പേര്‍ പങ്കെടുക്കുന്ന പഠനക്യാമ്പ് ആറിന് വൈകിട്ട് നാലിന് തുടങ്ങും. എസ്വൈഎസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങളുടെ അധ്യക്ഷതയില്‍ ഡോ. റാഫിഅ് രിഫാഈ ഇറാഖ് ഉദ്ഘാടനം ചെയ്യും.

ഏഴിന് രാവിലെ 10-ന് വേദി രണ്ടില്‍ കള്‍ച്ചറല്‍ മീറ്റ് ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് ആരോഗ്യ സെമിനാറും രാത്രി ഏഴിന് മൈത്രി സംഗമവും നടക്കും. മൈത്രി സംഗമം മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍ ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് ടി.പത്മനാഭന്‍ മുഖ്യാതിഥിയാകും. വേദി മൂന്നില്‍ രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് അഞ്ചുവരെ നാഷണല്‍ എജ്യു കോണ്‍ക്ലേവും രാത്രി ഏഴിന് വെല്‍ വിഷേഴ്ം നടക്കും.
എട്ടിന് രാവിലെ 11.30-ന് സനാഈ ബിരുദദാനവും ഒരുമണിക്ക് ക്യാമ്പ് സമാപനസംഗമവും നടക്കും. അസ്ഗറലി ഫൈസി പട്ടിക്കാട് ഉദ്ഘാടനം ചെയ്യും. വേദി രണ്ടില്‍ രാവിലെ 8.30-ന് പ്രവാസി സംഗമം, വേദി മൂന്നില്‍ രാവിലെ ഒന്‍പതിന് ഗ്ലോബല്‍ ഉലമ സമ്മിറ്റും നടക്കും.

പൊതുസമ്മേളനത്തിന് ജനലക്ഷങ്ങള്‍; മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും
എട്ടിന് വൈകിട്ട് നാലിന് ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന സമാപന പൊതുസമ്മേളനം ദേശീയപാതയോരത്ത് കുണിയയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടക്കും. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ഈജിപ്ത് അല്‍ അസ്ഹര്‍ സര്‍വകലാശാല റെക്ടര്‍ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും. കുഞ്ഞിക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ഥന നടത്തും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ ശതാബ്ദിസന്ദേശം നല്‍കും. സമസ്ത സെന്ററിനറി അവാര്‍ഡ് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിക്ക് സമ്മാനിക്കും.

മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, എ.സിദ്ധരാമയ്യ, എം.കെ.സ്റ്റാലിന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ബെംഗളൂരു ഡിവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ എന്‍.എ.ഹാരിസ് എന്നിവര്‍ പങ്കെടുക്കും. കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയക്ക് ഉപഹാരം സമ്മാനിക്കും.

Scroll to Top