ബേക്കല്‍ കാഞ്ഞങ്ങാട്-കാസര്‍കോട് പാതയില്‍ ബേക്കല്‍ മുതല്‍ തൃക്കണ്ണാട് വരെ ഓവുചാല്‍ നിര്‍മിക്കാതെയുള്ള റോഡ് പുനരുദ്ധാരണം നാട്ടുകാര്‍ തടഞ്ഞു. കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം നിര്‍മാണം തടഞ്ഞത്. തൃക്കണ്ണാട് പെട്രോള്‍ പമ്പിന് മുന്‍വശത്തുനിന്ന് തെക്കോട്ടുള്ള ഭാഗത്തെ ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും കഴിഞ്ഞ ദിവസം കലക്ടറെ കാണാനെത്തിയിരുന്നു. അദ്ദേഹം സ്ഥലത്തില്ലാത്തതിനാല്‍ വിഷയം എഡിഎമ്മിന്റെ ശ്രദ്ധയില്‍പെടുത്തി.
ഓവുചാലിലെ വെള്ളം തൃക്കണ്ണാട്ടുനിന്നു കടലിലേക്ക് ചേര്‍ക്കുംവിധമാണ് നിര്‍മിച്ചിട്ടുള്ളത്. തൃക്കണ്ണാട്ട് മുറിയുന്ന ഓവുചാല്‍ ബേക്കല്‍പുഴവരെ നീട്ടി വെള്ളം പുഴയിലേക്ക് വിടണമെന്നാണു നാട്ടുകാരുടെ ആവശ്യം. ബേക്കല്‍പുഴ വരെ ഓവുചാല്‍ പ്രായോഗികമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേന്ദ്രനെ അറിയിച്ചു. പ്രസിഡന്റ് ആ പ്രദേശത്തെ വാര്‍ഡ് അംഗമായ ശംഭു ബേക്കലിന് വിവരം കൈമാറി. ഇതിനു പിന്നാലെയാണ് നിര്‍മാണം നിര്‍ത്തിയത്.
ഓവുചാല്‍ നിര്‍മിക്കാതെ റോഡ് പുനരുദ്ധാരണം: തടഞ്ഞ് നാട്ടുകാര്‍




