തീരമേഖലയിലെ ഉപ്പുവെള്ള പ്രശ്‌നം പരിഹരിക്കണം; പ്രമേയം പാസാക്കി നീലേശ്വരം

കുടിവെള്ള സ്രോതസ്സുകളില്‍ ഉപ്പുവെള്ളം കയറുന്നതിനാല്‍ ഭിത്തികെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രമേയമവതരിപ്പിച്ചു

നീലേശ്വരം: നീലേശ്വരം നഗരസഭയിലെ 31, 32 വാര്‍ഡുകളിലെ നീലേശ്വരം പുഴയുടെ വലത് ഓരത്ത് നളന്ദ റിസോര്‍ട്ട് മുതല്‍ കൊട്രച്ചാല്‍ തോടുവരെയുള്ള തീരദേശമേഖലയിലെ ഉപ്പുവെള്ള പ്രശ്നത്തില്‍ നഗരസഭപ്രമേയം പാസാക്കി. ഒന്നര കിലോമീറ്റര്‍ സ്ഥലങ്ങള്‍ താഴ്ന പ്രദേശമായതിനാല്‍ കിണറുകളിലേക്കും കുടിവെള്ള സ്രോതസ്സുകളിലേക്കും ഉപ്പുവെള്ളം കയറുന്നത് കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കുന്നതിനാല്‍ മഴക്കാലത്ത് വെള്ളം കയറി വീടൊഴിയേണ്ട സാഹചര്യമുണ്ടാക്കുന്നതിനാലും ഈ പ്രദേശത്ത് ഭിത്തികെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പി.വി. സതീശനാണ് കൗണ്‍സില്‍ മുമ്പാകെ പ്രമേയമവതരിപ്പിച്ചത്. ഷമീന മുഹമ്മദ് പ്രമേയത്തെ പിന്താങ്ങി.

അതേസമയം, കരുവാച്ചേരി, കൊയാമ്പുറം, തോട്ടുമ്പുറം, ഓര്‍ച്ച, ബോട്ടുജെട്ടി, കടിഞ്ഞിമൂല പ്രദേശങ്ങളിലും രൂക്ഷമായ ഉപ്പുവെള്ളം കയറുന്നത് പതിവായിട്ടുപോലും പ്രമേയത്തില്‍ ഈ പ്രദേശങ്ങളെ ഉള്‍പ്പെടുത്താത്തത് പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് ഇ. ഷജീര്‍ പറഞ്ഞു. നീലേശ്വരം പുഴയുടെയും തേജസ്വിനി പുഴയുടെയും കരകളില്‍ സമാന പ്രശ്നം നേരിടുന്നതായും വലിയ സാമ്പത്തിക പദ്ധതിയായാല്‍ ലഭിക്കാന്‍ പ്രയാസമായതിനാലാണ് ചെറിയ ഭാഗങ്ങളായി പരിഗണിച്ചതെന്നും ഈ പ്രദേശങ്ങള്‍ കൂടി പ്രമേയത്തില്‍ ഉള്‍പ്പെടുത്താമെന്നും ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി അറിയിച്ചു.

2025-26 സാമ്പത്തികവര്‍ഷത്തെ പദ്ധതി ഭേദഗതി ചെയ്ത് അംഗീകരിച്ചു. നഗരസഭ കാര്യാലയത്തില്‍ ഹെല്‍പ് ഡെസ്‌ക് സ്ഥാപിക്കാനും തെരുവുവിളക്കിനും ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലേക്ക് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിനടക്കമുള്ള പദ്ധതികള്‍ക്കായും തുക വകയിരുത്തി.
തെരുവുനായ് ശല്യം ഒഴിവാക്കുന്നതിനുള്ള എ.ബി.സി പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയും നടന്നു. പൊളിച്ചുമാറ്റിയ കെട്ടിടങ്ങള്‍ക്കും നികുതി അടക്കേണ്ടിവരുന്ന വിഷയം കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. പി.എം. സന്ധ്യ, ഇ. ചന്ദ്രമതി, ഇ.കെ. ചന്ദ്രന്‍, ഷമീന മുഹമ്മദ്, കെ. സതീശന്‍, എ.വി. സുരേന്ദ്രന്‍, പി.യു. രാമകൃഷ്ണന്‍ നായര്‍, പി.വി. സുരേഷ് ബാബു, വി.വി. പ്രകാശന്‍, പി. അഖിലേഷ്, ടി.പി. ബീന, കെ. പ്രകാശന്‍, സി. സുഭാഷ്, വി.കെ. റഷീദ, പി.കെ. ഷിജിത എന്നിവര്‍ സംസാരിച്ചു.

Scroll to Top