തിരുവനന്തപുരം: ഫോണ്‍ ചോര്‍ത്തിയെന്ന ഭരണകകക്ഷി എംഎല്‍എ പി.വി അന്‍വറിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഫോണ്‍ ചോര്‍ത്തല്‍ നടന്നിട്ടുണ്ടെങ്കില്‍ അതീവ ഗൗരവതരമായ വിഷയമാണെന്നും മൗലികാവവകാശങ്ങളുടെയും സുപ്രീം കോടതി മാര്‍ഗ നിര്‍ദേശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങളുടെ നിജസ്ഥിതി അറിയേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. അതിനാണ് സര്‍ക്കാരിനോട് വിശദീകരണം തേടിയത്. ആരോപണം സത്യമാണെങ്കില്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. റിപ്പോര്‍ട്ട് വന്നതിന് ശേഷം തുടര്‍നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടിയിരുന്നു. എഡിജിപിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ അടക്കം ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു. താനും ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ തുറന്നുപറയുകയും ചെയ്തിരുന്നു. മലപ്പുറം പോലീസിലെ മോഹന്‍ദാസ് എന്ന ഉദ്യോഗസ്ഥനെ എസ്.പി. സുജിതദാസ് ഫോണ്‍ ചോര്‍ത്തലിന് ഉപയോഗിച്ചതായും അന്‍വര്‍ ആരോപിച്ചിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശദീകരിക്കാന്‍ ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുന്നത്.