നിപ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയിട്ടില്ല; കെ കെ ശൈലജ
തിരുവനന്തപുരം: നിപ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയിട്ടില്ലെന്ന് കെ കെ ശൈലജ. ഇത് ആരോഗ്യമന്ത്രി ആയിരുന്ന വീണാ ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്. പരിശോധനകള്‍ നടക്കട്ടെ. ആന്റി വൈറല്‍ മരുന്നാണ് റെംഡെസിവിര്‍, അത് കൊടുത്തിട്ട് രോഗികള്‍ മരിച്ചുപോയെന്ന് പറയാനാകില്ല. കാരണം ക്ലിനിക്കല്‍ ട്രയല്‍ നടത്തിയിട്ടില്ലെന്നും കെ കെ ശൈലജ വ്യക്തമാക്കി. അസംബ്ലിയില്‍ പറയുമ്പോള്‍ ആധികാരികമായി പറയണമെന്നും ചെയ്യേണ്ട കാര്യങ്ങള്‍ ഒന്നും ചെയ്യാതെ കുറ്റം കണ്ടുപിടിക്കാനാണ് മന്ത്രിയുടെ ശ്രമമെന്നും ശൈലജ ചൂണ്ടികാട്ടി.
ആരോഗ്യ മേഖല തകര്‍ക്കാനാണ് യുഡിഎഫ് ശ്രമം. സര്‍ക്കാര്‍ നീക്കങ്ങള്‍ സ്വകാര്യ മേഖലയെ സംരക്ഷിക്കാനാണ്. സാധാരണക്കാരായ രോഗികളെ വലയ്ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവത്ക്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത് ഇതിനാണെന്ന് സംശയിക്കുന്നുവെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനങ്ങള്‍ അട്ടിമറിക്കാന്‍ നീക്കം നടക്കുകയാണെന്നും കെ കെ ശൈലജ പറഞ്ഞു.
എന്താണ് റെംഡെസിവിര്‍ മരുന്നുകള്‍? എന്താണ് വിവാദം?
കോഴിക്കോട് മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ 2023, 2024, 2025 വര്‍ഷങ്ങളില്‍ നിപ ബാധിച്ച രോഗികള്‍ക്ക് വിതരണം ചെയ്ത റെംഡെസിവിര്‍ മരുന്നുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ക്ക് തുടക്കം. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴി ആശുപത്രികളില്‍ വിതരണം ചെയ്ത ഈ റെംഡെസിവിര്‍ മരുന്നിന്റെ കാലാവധി 2023 മേയ് 30-ന് അവസാനിച്ചിരുന്നുവെന്നും കാലാവധി കഴിഞ്ഞ ഈ മരുന്ന് രോഗികള്‍ക്ക് നല്‍കിയിട്ടുണ്ടാകാമെന്നുമാണ് ആരോഗ്യ വകുപ്പ് സംശയിക്കുന്നത്. രോഗികള്‍ക്ക് നല്‍കിയത് മാനുഫാക്ചറിംഗ് തീയതി രേഖപ്പെടുത്താത്തതും ‘ക്ലിനിക്കല്‍ ട്രയല്‍ ഒണ്‍ലി’ എന്ന് ലേബല്‍ ചെയ്തതുമായ മരുന്നുകളാണോ എന്നതിനെക്കുറിച്ചും ആരോഗ്യ വകുപ്പ് സംശയം പ്രകടിപ്പിച്ചു.
വിവാദമായത് എങ്ങനെ?
ഒക്ടോബര്‍ 29ന് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായി, ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ഈ വിവാദം ഉടലെടുക്കുന്നത്. നിപ ബാധിച്ച് കഴിഞ്ഞ വര്‍ഷങ്ങളില്‍ മരിച്ച 6 രോഗികള്‍ക്ക് ഇത്തരത്തില്‍ കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയിട്ടുണ്ടോ എന്നും, ഇത് മരണത്തിന് കാരണമായിട്ടുണ്ടോ എന്നും സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്. ആരോ?ഗ്യമന്ത്രിയുടെ പ്രസ്താവന മുന്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. ആര്‍. അരവിന്ദിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡിനാണ് ഇത് സംബന്ധിച്ച അന്വേഷണ ചുമതല നല്‍കിയത്. മരുന്ന് നല്‍കിയ എല്ലാ രോഗികളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനും ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസിനും ആരോ?ഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിദേശ മരുന്ന് കമ്പനികളുമായി നടന്ന ഇടപാടുകളും ഇതില്‍ ആരെല്ലാം ഇടനിലക്കാരായി നിന്നു എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണ പരിധിയില്‍ വരുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കന്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജിലിയഡ് സയന്‍സസ് വികസിപ്പിച്ചെടുത്ത ആന്റീവൈറല്‍ മരുന്നാണ് റെംഡെസിവിര്‍. വൈറസുകള്‍ക്ക് എതിരെ ഉപയോഗിക്കുന്ന ഈ മരുന്ന് കോവിഡ്-19 മഹാമാരിയുടെ സമയത്താണ് ആഗോളതലത്തില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടത്. വൈറസുകളുടെ വംശവര്‍ദ്ധനവിനെ സഹായിക്കുന്ന ആര്‍.എന്‍.എ ഘടനയുടെ നിര്‍മാണത്തെ തടഞ്ഞാണ് റെംഡെസിവിര്‍ മരുന്ന് പ്രവര്‍ത്തിക്കുക. ഇതിലൂടെ വൈറസിന് ശരീരത്തില്‍ പെരുകാന്‍ സാധിക്കാതെ വരികയും രോഗബാധയുടെ തീവ്രത കുറയുകയും ചെയ്യുന്നു.
കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ചികിത്സയ്ക്കായി ലോകാരോഗ്യ സംഘടനയും വിവിധ രാജ്യങ്ങളും ഈ മരുന്നിന് അടിയന്തര ഉപയോഗ അനുമതി നല്‍കിയിരുന്നു. കോവിഡിന് പുറമെ, എബോള , മാര്‍ബര്‍ഗ് വൈറസ്, നിപ, സാര്‍സ്, മെര്‍സ് തുടങ്ങിയ മറ്റ് വൈറസുകള്‍ക്കെതിരെയും ഈ മരുന്ന് ഫലപ്രദമാണെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
