Home Kasaragod കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാത: കുരുക്കിലായ നവീകരണം

കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാത: കുരുക്കിലായ നവീകരണം

by KCN CHANNEL
0 comment

രാജപുരം അവസാനിച്ച കരാര്‍ കാലാവധി പുതുക്കി നല്‍കിയിട്ടും കരാറുകാരന്‍ നിര്‍മാണം പൂര്‍ത്തിയാക്കാതെ വന്നതോടെ പാതിവഴിയിലായ കാഞ്ഞങ്ങാട്- പാണത്തൂര്‍ സംസ്ഥാനപാത നവീകരണം തുടരാന്‍ ഇനി സര്‍ക്കാരിന്റെ പ്രത്യേക അനുമതി ലഭ്യമാകണം. ഇതോടെ കോളിച്ചാല്‍ മുതല്‍ ചിറങ്കടവ് വരെയുള്ള ഭാഗത്തെ ജനങ്ങളുടെ ദുരിതയാത്രയ്ക്ക് പെട്ടെന്നുള്ള പരിഹാരത്തിനു സാധ്യതമങ്ങി.

2022 ഏപ്രില്‍ 13നാണ് കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ പൂടുംകല്ല് മുതല്‍ പാണത്തൂര്‍ ചിറങ്കടവ് വരെയുള്ള 17.2 കിലോമീറ്റര്‍ ഭാഗം കിഫ്ബി ഫണ്ടില്‍ 59.94 കോടി രൂപ ചെലവില്‍ നവീകരിക്കാന്‍ കരാര്‍ ആയത്. 18 മാസമായിരുന്നു കാലാവധി. കിഫ്ബി നിയമപ്രകാരം കരാര്‍ കാലാവധി പൂര്‍ത്തിയായില്ലെങ്കില്‍ അതിന്റെ പകുതി സമയം കൂടി വീണ്ടും അനുവദിക്കും. ഇത്തരത്തില്‍ വീണ്ടും 9 മാസം കൂടി കരാറുകാരന് കാലാവധി നീട്ടി നല്‍കി. എന്നാല്‍ അതിനുള്ളിലും നവീകരണം പൂര്‍ത്തിയാക്കാന്‍ കരാറുകാരന് കഴിയാത്തതാണ് സാങ്കേതിക പ്രശ്നത്തിന് കാരണമായത്. ഇനി പ്രവൃത്തിയുടെ കാലാവധി നീട്ടി നല്‍കണമെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം വരണം.

നിലവില്‍ കരാറുകാരന്‍ സമര്‍പ്പിച്ച ബില്‍ പ്രകാരം 4 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കാന്‍ ഉണ്ടെന്നാണ് സൂചന. പാര്‍ട്ട് ബില്‍ എന്ന നിലയില്‍ പൂര്‍ത്തിയായ പ്രവൃത്തിയുടെ തുക അനുവദിക്കാറുണ്ട്. കാലാവധി കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രവൃത്തിയില്‍ വേണ്ടത പുരോഗതി ഇല്ലാത്തതിനാല്‍ പാര്‍ട്ട് ബില്ലും അനുവദിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് അധികൃതര്‍ പറയുന്നു. നിലവില്‍ ഇതുമായി ബന്ധപ്പെട്ട ഫയല്‍ ധനകാര്യ വകുപ്പിന്റെ മേശപ്പുറത്താണ്. സര്‍ക്കാരിന്റെ പ്രത്യേക അനുമതി ലഭ്യമാക്കിയാല്‍ മാത്രമേ ഫയലില്‍ പരിഹാരമാകൂ.

അതേസമയം, നവീകരണം തുടങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രവൃത്തി അനന്തമായി നീണ്ടതോടെ ജനകീയ പങ്കാളിത്തത്തോടെ സമരത്തിന് തയാറെടുക്കുകയാണ് മലനാട് വികസന സമിതി. പൂടുംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള ഭാഗം നവീകരിക്കാന്‍ അനുവദിച്ച 18 മാസത്തിനുള്ളില്‍ ആകെ പൂര്‍ത്തിയായത് മൂന്നര കിലോമീറ്റര്‍ ദൂരം മാത്രമാണ്. തുടര്‍ന്നാണ് പൂര്‍ത്തിയാക്കാന്‍ 9 മാസം കൂടി നീട്ടി നല്‍കിയത്. 9 മാസത്തിനുള്ളില്‍ പതിനെട്ടാം മൈല്‍ വരെ മാത്രമാണ് ടാറിങ് പൂര്‍ത്തിയായത്. ഈ ഭാഗത്ത് തന്നെ മറ്റു നിര്‍മാണങ്ങള്‍ ഇനിയും ബാക്കിയുണ്ട്.

നവീകരണം വേഗത്തിലാക്കാന്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ നടത്തിയ ശ്രമങ്ങളും പാഴായി. മഴ ശക്തമായതോടെ റോഡ് പലയിടങ്ങളിലും തകര്‍ന്ന നിലയിലാണ്. പരാതി ഉയരുമ്പോള്‍ കുഴി താല്‍ക്കാലികമായി മൂടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് കരാറുകാരന്‍ ചെയ്യുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡ് യാത്രക്കാര്‍ക്ക് ഭീഷണി ആയതോടെയാണ് നാട്ടുകാര്‍ സമരത്തിന് തയാറെടുക്കുന്നത്.

You may also like

Leave a Comment