പ്രഖ്യാപനമല്ല, പ്രവര്‍ത്തനമാണ് വേണ്ടത്; കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് സമര സമിതി

പ്രഖ്യാപനമല്ല, പ്രവര്‍ത്തനമാണ് വേണ്ടത്; കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് സമര സമിതി

കാസര്‍ഗോഡ്:
ഇടത് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ തുക അനുവദിക്കാത്തതില്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് സമര സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

കേരളത്തില്‍ പുതുതായി പ്രഖ്യാപിച്ച നാല് മെഡിക്കല്‍ കോളേജുകള്‍ക്കായി ആകെ ?57 കോടി മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഈ തുക നാല് മെഡിക്കല്‍ കോളേജുകള്‍ക്കായി വിഭജിക്കുമ്പോള്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളജിന് ലഭിക്കുക തുച്ഛമായ തുകയാണെന്നും ഇത് ജനങ്ങളുടെ കണ്ണില്‍ പൊടി ഇടുന്നതിന് തുല്യമാണെന്നും സമര സമിതി ആരോപിച്ചു. ആവശ്യത്തിന് തുക അനുവദിക്കാതിരിക്കുന്നത് വഴി സര്‍ക്കാര്‍ കാസര്‍ഗോഡ് ജില്ലയെ തുറന്നുവെച്ച് വെല്ലുവിളിക്കുകയാണെന്ന് സമര സമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് പറഞ്ഞു.

പ്രഖ്യാപനങ്ങളല്ല, യഥാര്‍ത്ഥ പ്രവര്‍ത്തനങ്ങളാണ് കാസര്‍ഗോഡിന് വേണ്ടത്. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് അടിയന്തിരമായി പൂര്‍ണ്ണസജ്ജമാക്കണമെന്നും നിര്‍ത്തിവെച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനരാരംഭിക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു.

നിര്‍മാണം പുനരാരംഭിക്കുന്നതുവരെ സമരം തുടരുമെന്നും കാസര്‍ഗോഡ് നഗരത്തില്‍ ഒപ്പ് മതില്‍ കൂടുതല്‍ ജനകീയമാക്കുമെന്നും സമരം വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. കാസര്‍ഗോഡ് നഗരത്തിലെ പുതിയ ബസ് സ്റ്റാന്‍ഡ്‌ദേശീയപാത പാലത്തിന് കീഴില്‍ ഒപ്പ് മതില്‍ ശക്തിപ്പെടുത്തുമെന്നും സമര സമിതിയംഗങ്ങള്‍ വ്യക്തമാക്കി.

സമരത്തിന് പിന്തുണയുമായി വലിയ ജനപങ്കാളിത്തമാണ് ഉണ്ടാകുന്നതെന്നും കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് സമര സമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ടും ജനറല്‍ കണ്‍വീനര്‍ ജെ. എസ്. സോമശേഖരനും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Scroll to Top