താളത്തിനൊത്ത് ചുവടുവെച്ച് ‘മാന്തളിര്‍ക്കൂട്ടം’; കോട്ടിക്കുളത്ത് വിരിഞ്ഞത് പ്രതീക്ഷയുടെ പുഞ്ചിരി

കോട്ടിക്കുളം: വെല്ലുവിളികളെ പുഞ്ചിരികൊണ്ട് നേരിടുന്ന ഒരുപിടി മിടുക്കന്മാര്‍ക്കായി കോട്ടിക്കുളം നൂറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അങ്കണം ഇന്നലെ ഉത്സവപ്പറമ്പായി. കുടുംബശ്രീ ജില്ലാ മിഷന്‍ കാസര്‍ഗോഡ് സംഘടിപ്പിച്ച ജില്ലാ ബഡ്സ് കലോത്സവം ‘മാന്തളിര്‍ക്കൂട്ടം’ പ്രതിഭകളുടെ മാറ്റുരയ്ക്കലായി മാറി. ജില്ലയിലെ 20 ബഡ്സ് സ്‌കൂളുകളില്‍ നിന്നായി എത്തിയ 200-ഓളം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പരിമിതികളെ വേദിക്ക് പുറത്തുനിര്‍ത്തിയാണ് ആത്മവിശ്വാസത്തോടെ അരങ്ങിലെത്തിയത്.

അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് പി. അഖില്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. ‘കുട്ടികളുടെ കഴിവുകള്‍ പുറത്തെടുക്കാനുള്ള ഒരു വേദി എന്നതിലുപരി, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എങ്ങനെയെല്ലാം എത്തിക്കാം എന്നതിനായിരിക്കണം ഇനി നമ്മള്‍ മുന്‍ഗണന നല്‍കേണ്ടത്,’ എന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കരുത്തും കരുതലും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രശസ്ത ചലച്ചിത്ര താരം നാരായണന്‍കുട്ടി മുഖ്യാതിഥിയായെത്തിയത് കുട്ടികള്‍ക്ക് ആവേശമായി. തന്റെ പ്രിയപ്പെട്ട ഗാനമായ ‘സുന്ദരിയേ സുന്ദരിയേ സെന്തമിഴിന്‍ പെണ്‍കൊടിയേ’ പാടിക്കൊണ്ടാണ് അദ്ദേഹം കുട്ടികളുമായി സംവദിച്ചത്. സിനിമയിലെ തമാശകളും വിശേഷങ്ങളും പങ്കുവെച്ച താരം കുട്ടികള്‍ക്കൊപ്പം ഫോട്ടോയെടുക്കാനും സമയം കണ്ടെത്തി.

കലോത്സവ വേദിയിലെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ മത്സരവേദിക്ക് താഴെയായിരുന്നു. ആണ്‍കുട്ടികളുടെ നാടോടി നൃത്തത്തോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്. കുട്ടികള്‍ വേദിയില്‍ ചുവടുവെക്കുമ്പോള്‍, താഴെ സദസ്സിലിരുന്ന് ചുവടുകള്‍ പിഴക്കാതിരിക്കാന്‍ അധ്യാപകര്‍ എഴുന്നേറ്റ് നിന്ന് നൃത്തം ചെയ്യുന്നുണ്ടായിരുന്നു. ഓരോ കുഞ്ഞിന്റെയും ചലനങ്ങള്‍ക്ക് പിന്നില്‍ ഒരു അധ്യാപകന്റെയോ രക്ഷകര്‍ത്താവിന്റെയോ വലിയ പരിശ്രമമുണ്ടെന്ന് വിളിച്ചോതുന്നതായിരുന്നു ഈ ദൃശ്യങ്ങള്‍.

തളിര്‍, ഇല, പൂവ് എന്നീ മൂന്ന് വേദികളിലായി 15 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. ക്രയോണ്‍സ് പെയിന്റിംഗോടെയായിരുന്നു സ്റ്റേജിതര മത്സരങ്ങള്‍ക്ക് തുടക്കം. നിറങ്ങള്‍ കൊണ്ട് സ്വപ്നങ്ങള്‍ വരച്ച കുട്ടികള്‍ കാണികളുടെ മനം കവര്‍ന്നു.ഒപ്പന, സംഘനൃത്തം, മിമിക്രി, ഉപകരണ സംഗീതം, നാടന്‍ പാട്ട്, ലളിതഗാനം, പ്രച്ഛന്നവേഷം തുടങ്ങിയവയില്‍ മികച്ച നിലവാരമാണ് കുട്ടികള്‍ പുലര്‍ത്തിയത്.

ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോവിന്ദന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.വി. രാധിക, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ രതീഷ് പിലിക്കോട്, സ്‌കൂള്‍ പ്രസിഡന്റ് മുഹമ്മദ് ഇര്‍ഫാന്‍, കവി മാധവന്‍ പുറച്ചേരി, മംഗള, പി. ലക്ഷ്മി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇ.വി. മധുസൂദനന്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ഡി. ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കിഷോര്‍കുമാര്‍ കെ.എം സ്വാഗതവും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ. സനൂജ നന്ദിയും പറഞ്ഞു . ആഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കുമപ്പുറം തങ്ങളും ഈ സമൂഹത്തിന്റെ ഭാഗമാണെന്ന ഉറച്ച ബോധ്യത്തോടെയാണ് ഓരോ കുട്ടിയും കലോത്സവത്തിന്റെ ഭാഗമായത്.

Scroll to Top