കാസര്‍ഗോഡ് : ജില്ലയുടെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പര്യാപ്തമായ പദ്ധതികളും ഫണ്ട് വകയിരുത്തലോ ഇല്ലാത്ത രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് നിരാശാജനകവും ജില്ലയെ സമ്പൂര്‍ണ്ണമായി അവഗണിക്കുന്നതുമാണെന്ന് ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി പറഞ്ഞു.
ജില്ലയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് വിഹിതം ജില്ലയുടെ ആരോഗ്യമേഖലയിലെയും വിദ്യാഭ്യാസമേഖലയിലെയും പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പര്യാപ്തമല്ല. കാസര്‍ഗോഡ് മെഡിക്കല്‍ കോളജിനൊപ്പം സംസ്ഥാനത്തെ മറ്റ് 3 മെഡിക്കല്‍ കോളജുകള്‍ക്കായാണ് ആകെ 57 കോടി രൂപ വകയിരുത്തിയിട്ടുള്ളത്. നാല്‍പ്പത് ശതമാനത്തിലേറെ നിര്‍മ്മാണം ബാക്കിയുള്ള മെഡിക്കല്‍ കോളജില്‍ ഈ നീക്കിയിരുപ്പ് തികച്ചും അപര്യാപ്തമാണ്. ജില്ലയില്‍ പുതിയ ആര്‍ട്‌സ് – സയന്‍സ് കോളജ് എന്ന ആവശ്യം പരിഗണിച്ചിട്ടില്ല.
കടലാക്രമണം തടയാനുള്ള പദ്ധതികള്‍ക്ക് പണം നീക്കി വെച്ചിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യാനുള്ള തുക മാത്രമാണ് വകയിരുത്തിയത്. വിദഗ്ദ്ധ ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ പണം ലഭ്യമല്ലാത്ത അവസ്ഥയാണ്. അപകടാവസ്ഥയിലുള്ള ആശുപത്രി കെട്ടിടങ്ങള്‍ നവീകരിക്കാനോ പുനര്‍നിര്‍മ്മിക്കാനായോ കാര്യമായ തുക വിലയിരുത്തിയില്ല.
മഞ്ചേശ്വരം താലൂക്കിനു സ്ഥിരം കെട്ടിടം നിര്‍മ്മിക്കാന്‍ ഇത്തവണയും ഫണ്ട് നീക്കിയിരിപ്പില്ല എന്നത് പ്രതിഷേധാര്‍ഹമാണെന്നും മസാല ബോണ്ടിന് സമാനമായ സാമ്പത്തിക തട്ടിപ്പ് നടത്താന്‍ വേണ്ടിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുന്‍സിപ്പല്‍ ബോണ്ട് വഴി പദ്ധതികള്‍ക്കുള്ള പണം സ്വരൂപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവാദം നല്‍കുന്നതെന്നും അശ്വിനി പ്രതികരിച്ചു.




