ഈ ഒച്ചിന്റെ മനോഹരമായ തോട് കണ്ട് തൊടരുത്! ഹൃദയം നിലച്ചേക്കാം
ആദ്യ നോട്ടത്തില്‍ തന്നെ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കും, അപ്പോള്‍ പിന്നെ അതൊന്ന് കയ്യിലെടുത്താലോ എന്ന് തോന്നിപ്പോകും. കടല്‍ത്തീരത്തൂടെ നടക്കുമ്പോള്‍ ടെക്സ്‌റ്റൈല്‍ കോണ്‍ സ്നെയില്‍ എന്ന ഈ കടല്‍ ഒച്ചിനെ കണ്ടാല്‍ അതിനെ കണ്ടില്ലെന്ന് നടിച്ച് പോകാന്‍ കഴിയില്ല. സാവധാനത്തില്‍ ചലിക്കുന്ന മറൈന്‍ ഗ്യാസ്ട്രോപോഡ് മൊളസ്‌കുകളിലൊന്നാണ് ഈ കടല്‍ ഒച്ച്. ഇത്തിരിക്കുഞ്ഞനായ ഭംഗിയുള്ള ഈ ജീവി അപകടകാരിയാണെന്ന് ഒരിക്കലും നമുക്ക് തോന്നില്ല. പക്ഷേ പ്രകൃതി ഓരോന്നിനും ഓരോ പ്രത്യേകത നല്‍കിയിട്ടുണ്ട്. ഈ ഒച്ചിന്റെ കാര്യത്തിലാണെങ്കില്‍ അത് ജീവനെടുക്കുന്ന അത്ര അപകടം പിടിച്ചതാണ്.
ടെക്സ്‌റ്റൈല്‍ കോണ്‍ സ്നെയില്‍ അല്ലെങ്കില്‍ കോണസ് ടെക്സ്റ്റേല്‍ ചൂടുള്ള കടല്‍വെള്ളത്തിലാണ് കാണപ്പെടുക. ട്രോപിക്കല്‍, സബ്ട്രോപിക്കല്‍ സോണുകളിലെ പവിഴപ്പുറ്റുകളാണ് ഇവയുടെ ആവാസകേന്ദ്രം. പതിയെ സഞ്ചരിക്കുന്ന ഇവ കൃത്യതയുള്ള വേട്ടക്കാരാണ്. ഇവയുമായി ഏറ്റുമുട്ടിയാല്‍ പുറപ്പെടുവിക്കുന്ന വിഷം മനുഷ്യഹൃദയത്തെ പോലും പ്രവര്‍ത്തനരഹിതമാക്കാന്‍ ശേഷിയുള്ളതാണ്
ഈ കടല്‍ ഒച്ചിനെ വേറിട്ട് നിര്‍ത്തുന്നത് അതിന്റെ രൂപമല്ല, അതിന്റെ വേട്ടയുടെ രീതിയാണ്. മറ്റുള്ള ഇരപിടിയന്മാരെ പോലെ ഇരയുടെ പിറകേ പോയി അവയെ വേട്ടയാടുകയല്ല, മറിച്ച് ഒരിടത്ത് നിന്ന് ഇരയ്ക്കായി കാത്തിരുന്ന് പിടിയിലാക്കുകയാണ് ഇവ ചെയ്യുന്നത്. കഴിക്കാന്‍ കഴിയുന്ന ഏതെങ്കിലും ജീവി, അത് മത്സ്യമാകാം, വിരകളാകാം, അല്ലെങ്കില്‍ മറ്റേതെങ്കിലും ഒച്ചു തന്നെയാകാം. അമ്പ് പോലെയുള്ള ഇവയുടെ പല്ല്, ഇതിനെ റാഡുല എന്നാണ് വിളിക്കുന്നത്. സെക്കന്‍ഡുകള്‍ക്കിടയില്‍ ഇവ പുറത്തേക്ക് തള്ളി ഇരയുടെ ശരീരത്തില്‍ വിഷം കുത്തിവയ്ക്കും. എന്താണ് തങ്ങളുടെ ശരീരത്തില്‍ തട്ടിയതെന്ന് മനസിലാക്കും മുമ്പേ അവ ചത്തിട്ടുണ്ടാകും.
കോണാടോക്സിന്‍സ് എന്ന വസ്തുവിന്റെ ഒരു മിശ്രിതമാണിത്. ഇത് പ്രകൃതിയിലുള്ള വീര്യം കൂടിയ ന്യൂറോ ടോക്സിനാണ്. ഈ വിഷം നാഡീവ്യവസ്ഥയെയാണ് ബാധിക്കുന്നത്. ഇത് ഇരയെ നിമിഷങ്ങള്‍ക്കുള്ളില്‍ തളര്‍ത്തിക്കളയും. ഗവേഷകര്‍ ഈ വിഷത്തെ കുറിച്ച് വര്‍ഷങ്ങളോളം പഠിച്ചിരുന്നു. കോണ്‍ സ്നെയിലുകള്‍ പ്രകൃതിയിലെ കെമിക്കല്‍ എന്‍ജിനീയര്‍മാരാണെന്നാണ് ഗവേഷകരിലൊരാളായ ഡോ ബാള്‍ഡമേറോ ഒലിവേറോ വിശേഷിപ്പിച്ചത്. ഇവ ഉത്പാദിപ്പിക്കുന്ന പദാര്‍ത്ഥങ്ങളെ വേദനസംഹാരികളിലും നാഡീ സംബന്ധമായ ചികിത്സകളിലും ഉപയോഗിക്കുന്നതിനായുള്ള പരീക്ഷണങ്ങളില്‍ ഉള്‍പ്പെടുത്താറുണ്ട്.
ടെക്‌സ്‌റ്റൈല്‍ കോണ്‍ സ്‌നെയില്‍ ഉത്പാദിപ്പിക്കുന്ന വിഷം മനുഷ്യജീവനെ അപകടത്തിലാക്കിയ സംഭവങ്ങള്‍ ഉണ്ടെന്നാണ് പറയുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള ആന്റി വെനം ഇതുവരെ കണ്ടെത്തിയിട്ടില്ല. ടെക്സ്‌റ്റൈല്‍ കോണ്‍ സ്നെയിലില്‍ നിന്നുള്ള ഒരു കുത്തേറ്റാല്‍ തന്നെ മരവിപ്പ്, പേശികള്‍ ദുര്‍ബലമാകല്‍, ശ്വാസംമുട്ട് പോലുള്ള അവസ്ഥ ഉണ്ടാകും. ഈ ഒച്ചിന്റെ തോടുകള്‍ ശേഖരിച്ച് വില്‍ക്കുന്ന നിരവധി പേരുണ്ട്. എന്നാല്‍ ഈ തോടുകള്‍ ഒഴിഞ്ഞുകിടക്കുന്നതാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഉപയോഗിക്കാവൂ എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഒച്ച് ജീവനോടെ ഉണ്ടെങ്കില്‍ അപകടം ഉറപ്പാണത്രേ. ഇവയ്ക്ക് വംശനാശം സംഭവിച്ചിട്ടില്ലെങ്കിലും മലിനീകരണവും ആവാസവ്യവസ്ഥ നശിക്കുന്നതും ഇവ ശേഖരിച്ച് വില്‍ക്കുന്ന ബിസിനസ് വ്യാപിച്ചതുമെല്ലാം ഇവയുടെ നിലനില്‍പ്പിനെ സ്വാധീനിക്കുന്നുണ്ട്.




