ഉദുമ : പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ കായികക്ഷമത വര്‍ധിപ്പിക്കുന്ന
കളിയങ്കണം (കിഡ്സ് അത്‌ലറ്റിക്സ്) ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തില്‍ തുടങ്ങി. സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി നടത്തിയത്. ഉപകരണങ്ങള്‍ ലഭിച്ച ബിആര്‍സി പരിധിയിലെ മുഴുവന്‍ എല്‍പി വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കുള്ള പരിശീലനമാണ് നല്‍കിയത്. ശാരീരികക്ഷമതയ്‌ക്കൊപ്പം സമയം, ദൂരം, സംഖ്യാബോധം, സാമൂഹികബോധം എന്നിവ നേടുന്ന കളികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ശ്വസനക്ഷമത, പേശികളുടെ കരുത്ത് എന്നിവ മെച്ചപ്പെടുത്താനുള്ള ലളിതമായ കളികളും പരിശീപ്പിച്ചു. കുട്ടികള്‍ക്ക് മാനസികോല്ലാസത്തിനുള്ള എയ്‌റോബിക്സ്, വെല്‍നെസ് ഡാന്‍സ്, കിഡ്സ് യോഗ എന്നിവയുമുണ്ട്. പഠനത്തോടൊപ്പം കായിക ക്ഷമത ഉറപ്പുവരുത്താന്‍ ഹുലാഹുപ്സ്, എജിലിറ്റി ഹാഡില്‍സ്, ബിന്‍ബാഗ്, കോണുകള്‍, റിങ്, ടെന്നീസ് ബോള്‍ എന്നിവയാണ് വിദ്യാലയങ്ങള്‍ക്ക് നല്‍കിയത്. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ബി.പി.സി. അബ്ദുള്‍ സലാം അധ്യക്ഷനായി. ഡോ. ദിലീപ് കുമാര്‍, പ്രഥമാധ്യാപിക ആശ, ശ്യാമള, പി.എം. മുഹമ്മദാലി, പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. നിത, രാജശ്രീ, പുരുഷോത്തമന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
കളിയങ്കണം പരിശീലനം തുടങ്ങി




