വാക്കുപാലിച്ച് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം; ചുവപ്പുനാടയില്‍ കുടുങ്ങി പാതിവഴിയിലായിരുന്ന ആശ്രയ ഭവന നിര്‍മ്മാണ പദ്ധതി പൂര്‍ത്തീകരിച്ച് കുടുംബങ്ങള്‍ക്ക് കൈമാറി

കാസര്‍കോട്: 2016 ല്‍ തുടങ്ങി ചുവപ്പുനാടയില്‍ കുടുങ്ങി പാതിവഴിയിലായിരുന്ന കാസര്‍കോട് നഗരസഭയുടെ ആശ്രയ ഭവന നിര്‍മ്മാണ പദ്ധതി പൂര്‍ത്തീകരിച്ച് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം കുടുംബങ്ങള്‍ക്ക് കൈമാറി. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത 14 ആശ്രയ കുടുംബങ്ങളുടെ പുനരധിവാസത്തിനായി നുള്ളിപ്പാടിയില്‍ 450 സ്‌ക്വയര്‍ ഫീറ്റ് വീട് നിര്‍മ്മിച്ചു കൊടുക്കുക എന്നതായിരുന്നു കുടുംബശ്രീയുമായി ചേര്‍ന്നുള്ള പദ്ധതി. എന്നാല്‍ പലകാരണങ്ങളാല്‍ വീടുകളുടെ പ്രവൃത്തി പൂര്‍ത്തിയാക്കാനായിരുന്നില്ല. ഇതോടെ പദ്ധതി ചുവപ്പുനാടയില്‍ കുടുങ്ങുകയായിരുന്നു. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം സ്ഥാനം ഏറ്റെടുത്ത സമയത്തുള്ള ആദ്യ പ്രഖ്യാപനമായിരുന്നു ആശ്രയ ഭവന നിര്‍മ്മാണ പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്നുള്ളത്. നിരന്തരമായ ഇടപെടലിലൂടെ ആശ്രയ ഭവന നിര്‍മ്മാണ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാറിന്റെ അനുമതി ലഭിക്കുകയും പദ്ധതിയില്‍ ബാക്കിയിരിപ്പുള്ള തുകയ്‌ക്കൊപ്പം നഗരസഭയുടെ തനത് ഫണ്ടും ഉപയോഗിച്ച് നഗരസഭയും കുടുംബശ്രീയും പദ്ധതി പൂര്‍ത്തീകരിക്കുകയുമായിരുന്നു.

വീട് കൈമാറല്‍ ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആയിഷ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ ഡി.എം.സി രതീഷ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍, ഖാലിദ് പച്ചക്കാട്, രജനി കെ, വാര്‍ഡ് കൗണ്‍സിലര്‍ ശാരദ, കൗണ്‍സിലര്‍മാരായ പി രമേശ്, ലളിത എം, അസിസ്റ്റന്റ് എഞ്ചിനീയര്‍ ശ്രീധരന്‍ എന്‍, സൂപ്രണ്ടുമാരായ നാരായണ നായക്, സതീഷ്‌കുമാര്‍, എ.ഡി.എം.സി കിഷോര്‍, കണ്‍വീനര്‍മാരായ ഷാഹിദ, ദേവയാനി, ആശ, എന്‍.യു.എല്‍.എം സി.എം.എം ബിനീഷ് ജോയ്, സി.ഒ അര്‍ച്ചന, അക്കൗണ്ടന്റ് പ്രിയ, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ റെനീഷ, അബ്ദുല്‍ കരീം കോളിയാട്, ബഷീര്‍ കെ.എം തുടങ്ങിയവര്‍ സംസാരിച്ചു. സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷകീല മജീദ് സ്വാഗതവും മെമ്പര്‍ സെക്രട്ടറി പ്രസാദ് കെ നന്ദിയും പറഞ്ഞു.

Scroll to Top