പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗയാത്ര ഫെബ്രുവരി ആറിന് തുടങ്ങും

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് അണികളെ സജ്ജമാക്കാനും കേരളത്തില്‍ ഭരണമാറ്റത്തിനുള്ള സാധ്യത ഉപയോഗപ്പെടുത്താനുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗയാത്ര ഫെബ്രുവരി ആറിന് കുമ്പളയില്‍നിന്ന് തുടങ്ങും. വൈകിട്ട് നാലിന് കുമ്പള ടൗണില്‍ കെ.സി. വേണുഗോപാല്‍ എ.പി. ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് കാസര്‍കോട് മണ്ഡലത്തില്‍ സ്വീകരണം നല്‍കും.

എല്ലാ ജില്ലകളിലും വിവിധ മേഖലകളിലുള്ളവരുമായി വികസനവിഷയങ്ങളില്‍ ചര്‍ച്ചയുണ്ടാകും. എല്ലാ ഘടകകക്ഷികളുടെയും സംസ്ഥാനനേതാക്കളും പങ്കെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അഞ്ച് മണ്ഡലങ്ങളില്‍ വീതമാണ് യാത്ര പര്യടനം നടത്തുക. മാര്‍ച്ച് ആറിന് യാത്ര സമാപിക്കും.

യു.ഡി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള യാത്ര യു.ഡി.എഫ്. ഭരണത്തിലേക്കുള്ള ജനമുന്നേറ്റമായി മാറുമെന്ന് നേതാക്കള്‍ പറഞ്ഞു. അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവും മൂലം വികസനകാര്യത്തില്‍ കേരളം പിന്നാക്കമായി. കേരളത്തില്‍ യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ വിവിധ മേഖലകളില്‍ നടപ്പാക്കുന്ന വികസന കാഴ്ചപ്പാടുകള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ വരച്ചുകാട്ടും.
കേരളത്തിന്റെ സകലമൂല്യങ്ങളും തകര്‍ത്ത എല്‍.ഡി.എഫ്. സര്‍ക്കാരിനെതിരായ ജനവികാരം ശക്തമായ സാഹചര്യത്തില്‍ നടത്തുന്ന സംസ്ഥാനയാത്രക്ക് രാഷ്ട്രീയപ്രസക്തി ഏറെയാണെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. പറഞ്ഞു. യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി, കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, സെക്രട്ടറി അഡ്വ. എ. ഗോവിന്ദന്‍ നായര്‍, ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Scroll to Top